ചങ്ങരം പക്ഷിസങ്കേതത്തിൽ ‘തോട്ടക്കാരനെ’ത്തി

ആലപ്പുഴ
ഇന്ത്യയിൽ വളരെ വിരളമായി എത്തുന്ന ദേശാടനപ്പക്ഷിയായ തോട്ടക്കാരൻ തിനക്കുരുവിയെ (ഒർത്തോലാൻ ബണ്ടിങ്, ശാസ്‌ത്രനാമം: എംബരിസ ഹോർത്തുലാന) ചങ്ങരം പക്ഷിസങ്കേതത്തിൽ കണ്ടെത്തി. യൂറോപ്പിന്റെ മിക്കഭാഗങ്ങളിലും പശ്ചിമേഷ്യയിലും കാണപ്പെടുന്ന കുഞ്ഞൻപക്ഷി ശിശിരകാലത്ത് ആഫ്രിക്കയിലേക്കാണ് ദേശാടനം നടത്താറ്. ഇവ ഇന്ത്യയിലെത്തുന്നത് വളരെ വിരളമായാണ്. മലപ്പുറം പൊന്നാനിയിൽ 2021 നവംബർ 20ന് ഇതിനെ കണ്ടെത്തിയിരുന്നു. വന്യജീവി ഫോട്ടോഗ്രാഫറായ കെ പി രൂപേഷാണ് ചങ്ങരം പക്ഷിസങ്കേതത്തിൽ തോട്ടക്കാരൻ തിനക്കുരുവിയെ പകർത്തിയത്. പക്ഷിനിരീക്ഷകനായ പ്രവീൺ ജയദേവനാണ് തിരിച്ചറിഞ്ഞത്. അങ്ങാടിക്കുരുവിയുടെയും ചാരകണ്ഠൻ തിനക്കുരുവിയുടെയും വലിപ്പമുള്ളതാണ് തോട്ടക്കാരൻ തിനക്കുരുവി. തവിട്ടുനിറമായ ദേഹത്ത് കറുപ്പ്, വെളുപ്പ് വരകളാണ് പ്രത്യേകത. കൊക്കിൽനിന്ന് കണ്ണിന് താഴെക്കൂടി പോകുന്ന മഞ്ഞകലർന്ന വെളുത്ത പട്ടയും മാറിലെയും മുതുകിലെയും കറുത്ത വരകളും ഇവയെ മറ്റ് തിനക്കുരുവികളിൽനിന്ന് വ്യത്യസ്‌തമാക്കുന്നു.










0 comments