മത്സ്യത്തൊഴിലാളി വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനവുമായി ‘സാഫ്’
ആലപ്പുഴ
ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമന്റെ (സാഫ്) നേതൃത്വത്തിൽ ടെയ്‌ലറിങ് ആൻഡ് ഗാർമെന്റ്സ് വിഭാഗത്തിൽപെടുന്ന യൂണിറ്റുകൾക്കായി ‘ആരി വർക്ക്' പരിശീലനം സംഘടിപ്പിച്ചു. ടെയ്‌ലറിങ് കാറ്റഗറിയിൽപെട്ട യൂണിറ്റുകൾക്ക് നൂതന പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് 10 ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്. ആലപ്പുഴ ചടയംമുറി ഹാളിലെ പരിശീലനത്തിൽ ആറാട്ടുപുഴ മുതൽ തുറവൂർ വരെ പ്രദേശങ്ങളിലെ ഗുണഭോക്താക്കൾ പങ്കെടുത്തു. സമാപനചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി പ്രശാന്തൻ ഉദ്ഘാടനംചെയ്തു. സാഫ് നോഡൽ ഓഫീസർ ടി ചന്ദ്രലേഖ അധ്യക്ഷയായി. അസി. നോഡൽ ഓഫീസർ ആർ രാകേഷ്, ലെഡ്‌സ് ട്രെയിനിങ് ഹെഡ് അഞ്ജന, മിഷൻ കോ-–ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു. ഇൻസ്ട്രക്ടർ സ്നേഹമോൾ പരിശീലനത്തിന് നേതൃത്വം നൽകി. സാഫിന്റെ തീരമൈത്രി പദ്ധതിപ്രകാരം ജില്ലയിൽ രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങൾ അടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകൾ മുഖേന വ്യത്യസ്തങ്ങളായ 217 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പദ്ധതി തുടങ്ങുന്നതിനായി അടങ്കൽ തുകയുടെ 75 ശതമാനം ഗ്രാന്റായി നൽകുന്നു. കൂടാതെ പലിശരഹിത വായ്പയും വിവിധഘട്ടങ്ങളിലായി നൽകിവരുന്നു. ഇതുകൂടാതെ ജെഎൽജി പദ്ധതി പ്രകാരം 314 യൂണിറ്റുകൾക്ക് 50,000 മുതൽ 1,00,000 രൂപ വരെ പലിശരഹിതവായ്പ നൽകുന്നുണ്ട്. ഈ സാമ്പത്തിക വർഷം മുതൽ ‘ഒരു കുടുംബം ഒരു വ്യവസായം' എന്ന പുതിയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.









0 comments