കൂടണയാൻ നമ്മളില്ലേ കൂടെ

വൈദ്യുതി കമ്പിയിൽ കുടുങ്ങിയ പ്രാവിനെ അഗ്‌നിരക്ഷാസേനാംഗം രക്ഷപ്പെടുത്തുന്നു
മാന്നാർ
കെഎസ്ഇബിയുടെ 11 കെ വി വൈദ്യുതി കമ്പിയിൽ കുടുങ്ങിയ പ്രാവിന് അഗ്‌നിരക്ഷാസേന രക്ഷകരായി. പരുമലക്കടവിൽ കെഎസ്എഫ്ഇക്ക് സമീപമുള്ള വൈദ്യുത ലൈനിൽ വ്യാഴം പകൽ ഒന്നോടെയാണ് പ്രാവ് കുടുങ്ങിയത്. ഉയരത്തിലിരിക്കുന്ന പ്രാവിനെ സമീപത്തുള്ള കെട്ടിടത്തിന്റെ മുകളിൽ കയറി നാട്ടുകാർ ഓടിക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. കാലിൽ കുരുങ്ങിയ പ്ലാസ്‌റ്റിക് ചരട് കമ്പിയിൽ ചുറ്റിയതിനാൽ ചിറകിട്ടടിക്കാൻ മാത്രമേ പ്രാവിന് കഴിയുമായിരുന്നുള്ളൂ. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തിരുവല്ലയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാ യൂണിറ്റിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നന്ദു മനോജ് ഏണിയിലൂടെ വൈദ്യുത തൂണിന് മുകളിൽ കയറി കത്രിക ഉപയോഗിച്ച് കാലിൽ കുരുങ്ങിയ പ്ലാസ്‌റ്റിക് ചരട് മുറിച്ചുമാറ്റി പ്രാവിനെ രക്ഷിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ സതീഷ്‌കുമാർ, ഓഫീസർമാരായ ശിവപ്രസാദ്, അശോക്, ദിനുരാജ്, നന്ദു മനോജ്, കെ പി ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. യൂണിറ്റ് സംഘാംഗങ്ങളെ നാട്ടുകാർ അഭിനന്ദിച്ചു.










0 comments