9.79 ലക്ഷം പാഠപുസ്‌തകം കൈയിലെത്തി
ഇതുവരെ എല്ലാം ശരിയാണ്

ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്-കൂൾ ഡിപ്പോയിലെത്തിച്ച പാഠപുസ്-തകങ്ങൾ വിതരണത്തിനായി തരംതിരിച്ചുവയ്ക്കുന്നു

സ്വന്തം ലേഖകൻ
Published on May 14, 2026, 02:10 AM | 1 min read
ആലപ്പുഴ
വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, കുട്ടികളുടെ കൈയിൽ പുത്തൻ പാഠപുസ്തകങ്ങൾ എത്തി. ഇതുവരെ 9.79 ലക്ഷം പുസ്തകങ്ങൾ ജില്ലയിലെ സ്കൂളുകളിൽ വിതരണംചെയ്തു. 16,06,054 (വോള്യം ഒന്ന്) പുസ്തകമാണ് അധ്യയനവർഷത്തേക്ക് ആകെ ആവശ്യം. ഇതിൽ 10,44,736 പുസ്‌തകം ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിലെ ജില്ലാ ഹബ്ബിൽ ഇതുവരെ എത്തി. 5,61,318 ലക്ഷം പുസ്തകം മാത്രമാണ് ഇനി എത്തേണ്ടത്. ആറ്, ഏഴ് ക്ലാസുകളിലെ സബ്‌ജക്ട് പാഠപുസ്‌തകങ്ങളും മറ്റ് ക്ലാസുകളിലെ ആക്‌ടിവിറ്റി പുസ്‌തകങ്ങളുമാണ് ഇനി വരേണ്ടത്. അച്ചടിക്കുന്ന കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽനിന്ന് പാഠപുസ്‌തകം ഉടനെത്തും. ജില്ലാ ഹബ്ബിൽനിന്ന് സൊസൈറ്റികളിലേക്കും അവിടെനിന്ന് വിവിധ സ്കൂളുകളിലേക്കുമാണ് പാഠപുസ്‌തകങ്ങൾ എത്തിക്കുന്നത്. 259 സൊസൈറ്റികൾ ഇതിനായി പ്രവർത്തിക്കുന്നു. ഡിപ്പോയിൽ എത്തുന്ന പുസ്‌തകങ്ങൾ തരംതിരിച്ച് കെട്ടാക്കി സ്കൂളിന്റെ പേരെഴുതിയ ലേബൽ പതിച്ചാണ് കയറ്റി അയക്കുന്നത്. ജില്ലാ ഹബ്ബിൽ 11 കുടുംബശ്രീ പ്രവർത്തകരാണ് പാഠപുസ്‌തകങ്ങളുടെ തരംതിരിക്കലും വിതരണവും നടത്തുന്നത്. വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നത് അതത് സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലും. ആദ്യഘട്ട പുസ്തക വിതരണം ഫെബ്രുവരി 25 മുതൽ ആരംഭിച്ചിരുന്നു. ജനുവരിയിലാണ് ആദ്യ ലോഡ് ഹബ്ബിൽ എത്തിയത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിതരണം പൂർത്തിയായാൽ അൺ എയ്ഡഡ് സ്കൂളുകളിൽ തുടങ്ങും.










0 comments