ad
Deshabhimani

നേട്ടങ്ങളുടെ നെറുകയിൽ വിദ്യാഭ്യാസമേഖല

കൊല്ലകടവ്
ഗവ. മുഹമ്മദൻ ഹൈസ്കൂളിലെ 
പുതിയ കെട്ടിടം

കൊല്ലകടവ്
ഗവ. മുഹമ്മദൻ ഹൈസ്കൂളിലെ 
പുതിയ കെട്ടിടം

avatar
സ്വന്തം ലേഖകൻ

Published on Feb 26, 2026, 02:05 AM | 1 min read

ആലപ്പുഴ

തകർന്നുവ‍ീഴാറായ കെട്ടിടങ്ങൾ, അടച്ചുപൂട്ടാറായ പൊതുവിദ്യാലയങ്ങൾ, പാഠപുസ്‌തകമില്ലാതെ അധ്യയനം, ‘ഓണം നേരത്തേ എത്തിയതുകൊണ്ടുമാത്രം പുസ്‌തകമില്ലാത്തതെന്ന്‌’ പറയുന്ന വിദ്യാഭ്യാസമന്ത്രി... പൊതുവിദ്യാഭ്യാസം മരണക്കിടക്കയിലായ യുഡിഎഫ്‌ ഭരണകാലത്തിന്റെ ഉദാഹരണങ്ങൾ അനവധി. നേട്ടങ്ങളുടെ നെറുകയിലാണ്‌ ഇന്ന്‌ കേരളത്തിന്റെ പൊതുവിദ്യാഭ്യാസം. ജനകീയ പങ്കാളിത്തത്തോടെ അടിസ്ഥാനസ‍ൗകര്യ വികസനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസവും സമന്വയിപ്പിക്കാൻ ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകൾ നടപടി സ്വീകരിച്ചതോടെ നേട്ടങ്ങളുടെ നെറുകയിലേക്ക്‌ കേരളം കുതിച്ചു. കിഫ്‌ബി ജില്ലയിൽ മാത്രം 55ലേറെ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റി. ജില്ലയിൽ 123.4 കോടി ഇതിനായി ചെലവഴിച്ചു. കിഫ്‌ബിക്കെതിരെ കോടതികയറിയ മുൻ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ മണ്ഡലത്തിലടക്കം സ്‌കൂളുകൾ സ്‌മാർട്ടായി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു സ്‌കൂൾ വീതം മികവിന്റെ കേന്ദ്രങ്ങളായി. ആകെ ഒന്പത്‌ സ്‌കൂളാണ്‌ ഇങ്ങനെ വികസിപ്പിച്ചത്‌. മൂന്നുകോടിയുടെ വികസനം 16 സ്‌കൂളിൽ നടപ്പാക്കി. കില, ഇൻകൽ, കൈറ്റ്‌, വാപ്‌കോസ്‌, കിറ്റ്‌കോ എന്നിവരാണ്‌ നിർമാണ ഏജൻസികൾ. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട്‌ പാഠ്യപദ്ധതിയിൽ പുത്തൻ അറിവിടങ്ങളും ഉൾപ്പെടുത്തി. പാഠ്യപദ്ധതിയെയും സമീപനരീതിയെയും കോർത്തിണക്കി നടപ്പാക്കുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളയും കുസാറ്റ്‌ സർവകലാശാലയുമാണ്‌ സഹകരിക്കുന്നത്‌. തൊഴിൽബന്ധിത പ്രവർത്തനങ്ങളെ പാഠപുസ്‌തക ആശയങ്ങളുമായി ഉൾചേർക്കുന്ന നൂതന പദ്ധതിയാണിത്. ജില്ലയിൽ 24 ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്നു. ശാസ്‌ത്രം, സാങ്കേതികവിദ്യ, റോബോട്ടിക്‌സ്‌, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ഇന്റർ ഡിസിപ്ലിനറി സമീപനത്തിലൂടെ സാമൂഹിക പ്രശ്നങ്ങൾക്ക് ശാസ്‌ത്രീയ പരിഹാരം കണ്ടെത്തുക, ഗവേഷണ മനോഭാവം വളർത്തുക എന്നിവ ലക്ഷ്യമിട്ട്‌ സ്ട്രീം ഇക്കോ സിസ്‌റ്റം പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി പൊള്ളേത്തൈ ഗവ. ഹൈസ്‌കൂളിലാണ്‌ പദ്ധതി ആരംഭിച്ചത്‌. എട്ട്‌‍‍, ഒന്പത്‌ ക്ലാസുകളിലെ വിദ്യാർഥികൾക്കായി കുട്ടി ഗവേഷകക്കൂട്ടം പദ്ധതി, സമഗ്രശിക്ഷാ കേരളവും കേരള സ്‌റ്റാർട്ട് അപ് മിഷനുമായി ചേർന്ന് സെന്റർ ഫോർ ഏർലി ഇന്നവേഷൻ ട്വിങ്കറിങ്‌ ലാബുകൾ എന്നിവയും പ്രവർത്തിക്കുന്നു. പ്രായോഗിക പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിദ്യാർഥികൾക്ക് ആശയങ്ങളെ ആവിഷ്‌കരിക്കാൻ സഹായിക്കുന്നതാണ്‌ ട്വിങ്കറിങ്‌ ലാബുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home