കുടിവെള്ളം മുടങ്ങി: ജനപ്രതിനിധികൾ പ്രതിഷേധിച്ചു

ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് ജനപ്രതിനിധികൾ നിർമാണ പ്രവൃത്തികൾ തടഞ്ഞ് പ്രതിഷേധിക്കുന്നു
അമ്പലപ്പുഴ
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ്‌ലൈനുകൾ തകരാറിലായി കുടിവെള്ളം മുടങ്ങിയതിൽ ജനപ്രതിനിധികളുടെ പ്രതിഷേധം. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത, വൈസ് പ്രസിഡന്റ് പി ആർ രതീഷ് കുമാർ, അംഗങ്ങളായ മേരി യേശുദാസ്, പി മഹേഷ്, ശിവകുമാർ, ജയപ്രസന്നൻ, രശ്മി ഷിബു എന്നിവർ നിർമ്മാണസ്ഥലത്തെത്തി പ്രതിഷേധിച്ചു. വിവിധ വാർഡുകളിൽ ആഴ്ചകളായി കുടിവെള്ളം മുടങ്ങിയിട്ട്. പൈപ്പ് ലൈനുകൾ പൊട്ടിച്ചശേഷം പിന്നീട് അറ്റകുറ്റപ്പണി നടത്തുകയോ കുടിവെള്ളം ലഭ്യമാക്കുകയോ ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പറവൂർ മുതൽ കളർകോട് വരെയുള്ള ദേശീയപാതയുടെ ഇരു ഭാഗത്തുമാണ് കുടിവെള്ളം കിട്ടാക്കനിയായത്. അടിയന്തരമായി തകരാർ പരിഹരിച്ച് പമ്പിങ് ആരംഭിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിച്ചു.










0 comments