Deshabhimani

എലിപ്പനി, ഡെങ്കിപ്പനി 
ഭീതിയിൽ ജില്ല

ഡെങ്കിപ്പനി

ഡെങ്കിപ്പനി

avatar
സ്വന്തം ലേഖകൻ

Published on Sep 08, 2026, 12:20 AM | 1 min read

ആലപ്പുഴ

ഒരാഴ്‌ചയ്‌ക്കിടെ ജില്ലയിലെ ആശുപത്രികളില്‍ പനിബാധിതരായി ചികിത്സതേടിയത് 2868 പേര്‍. ജലദോഷവും തൊണ്ടവേദനയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുമായി അഞ്ഞൂറിലധികം പേരാണ് പ്രതിദിനം ആശുപത്രികളിലെത്തുന്നത്. തിങ്കൾവരെയുള്ള കണക്കനുസരിച്ച് ഗുരുതര ലക്ഷണങ്ങളോടെയെത്തിയ 15 പേരെ കിടത്തിച്ചികിത്സയ്‌ക്ക്‌ വിധേയമാക്കി. ഒരാഴ്‌ചയ്‌ക്കിടെ ഏഴുപേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഒരുമരണവും സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച മരിച്ച പള്ളിപ്പുറം സ്വദേശിയായ 58 വയസുകാരിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. ആഗസ്‌ത്‌ 24ന്‌ കടക്കരപ്പള്ളിയിൽ 73 വയസുകാരൻ മരിച്ചതും എലിപ്പനി ബാധിച്ചാണ്‌. മാവേലിക്കര, കഞ്ഞിക്കുഴി, തൃക്കുന്നപ്പുഴ, പള്ളിപ്പുറം, തലവടി, കുപ്പപ്പുറം എന്നിവിടങ്ങളിലാണ്‌ രോഗം സ്ഥിരീകരിച്ചത്. 18 പേര്‍ക്കാണ് ഇക്കാലയളവില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച മാത്രം ആറുപേർക്ക്‌ രോഗം സ്ഥിരീകരിച്ചു. സംശയാസ്‌പദമായി ആകെ 27 കേസുണ്ട്. ചേരാവള്ളി,മണ്ണഞ്ചേരി, പുളിങ്കുന്ന്‌, ആലപ്പുഴ ജനറൽ ആശുപത്രി, ചെറിയനാട്‌, മാരാരിക്കുളം നോർത്ത്‌, ചുനങ്കര, പള്ളിപ്പാട്‌, പുന്നപ്ര നോർത്ത്‌, ചെട്ടിക്കാട്‌, വെളിയനാട്‌, മാന്നാർ, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 404 പേർക്ക്‌ വയറിളക്കവും 12 പേർക്ക്‌ ചിക്കൻപോക്‌സും 14 പേർക്ക്‌ പകർച്ചപ്പനിയും ബാധിച്ചു. മഴക്കാല മുന്നൊരുക്കങ്ങളിലെ അപര്യാപ്തത ജില്ലയില്‍ പനി പടരാന്‍ കാരണമായിരുന്നു. മഴക്കാലത്തിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കേണ്ട ശുചീകരണ പ്രവര്‍ത്തനം ഇത്തവണ കാര്യക്ഷമമായില്ല. ഇതോടെ ജൂണില്‍ ജില്ലയില്‍ പനി വ്യാപിച്ചിരുന്നു. ഇടക്കാലത്ത് പനിബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ആഗസ്‌ത്‌ അവസാനത്തോടെ വീണ്ടും കൂടി. ആവശ്യത്തിന് ഡോക്‌ടര്‍മാരില്ലാത്തതും രോഗികളെ വലയ്‌ക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നാണ് പലപ്പോഴും ഡോക്‌ടറെ കാണാനാകുന്നത്. ഇതിനിടെ വരിനിന്ന് കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home