ഹരിതകർമ സേനാംഗങ്ങളെ ഇറക്കിവിട്ടെന്ന് പരാതി

ഹരിതകർമ സേനാംഗങ്ങൾ താമരക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
ചാരുംമൂട്
പോളിങ് സ്‌റ്റേഷനുകളിലേക്ക് താമരക്കുളം പഞ്ചായത്തിൽ നിന്ന് ജോലിക്കയച്ച ഹരിത കർമസേനാംഗങ്ങളെ പൊലീസ് ഇറക്കിവിട്ടതായി പരാതി. ഹരിതകർമ സേനാംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവത്തിൽ ജില്ലാ ഹരിതമിഷനും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് പ്രകാരമാണ് പോളിങ് സ്‌റ്റേഷനുകളിലുണ്ടാകുന്ന മാലിന്യങ്ങൾ നീക്കാനാണ് ഹരിതകർമ സേനയെ നിയോഗിച്ചത്. കണ്ണനാകുഴി ഗവ. എൽ പി എസ്, വേടരപ്ലാവ് ഗവ. എൽ പി എസ്, കൊട്ടയ്ക്കാട്ടുശ്ശേരി എൻ എസ് എസ് കരയോഗം, പ്രസിഡൻസി സ്‌കൂൾ തുടങ്ങിയ പോളിങ് സ്‌റ്റേഷനുകളിലായിരുന്നു ഇവർക്ക് ഡ്യൂട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് വോട്ടറന്മാരുടെ മുന്നിൽ വച്ച് നിങ്ങൾക്കിവിടെ കാര്യമില്ലെന്ന് പറഞ്ഞ് അപമാനിച്ച് പോളിങ് സ്‌റ്റേഷനിൽ നിന്ന് ഇറക്കിവിട്ടെന്ന് ഇവർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിയെ കണ്ട് പരാതി അറിയിച്ച ശേഷമാണ് ഓഫീസിനുമുന്നിൽ കുത്തിയിരുന്നത്. ഹരിത കർമസേന കൺസോർഷ്യം പ്രസിഡന്റ് ജലജ, സെക്രട്ടറി ഗിരിജ എന്നിവർ നേതൃത്വം നൽകി.










0 comments