ഓടയ്‍ക്ക് മൂടിയില്ല ദുരിതത്തിലായി യാത്രക്കാർ

മുതുകുളം തട്ടാരുമുക്ക്- – വെട്ടത്തുകടവ് റോഡിൽ ആശുപത്രിമുക്ക് ഭാഗത്തെ ഓട
കാർത്തികപ്പള്ളി
ഓടയുടെ മൂടിയില്ലാത്ത ഭാഗം യാത്രക്കാർക്ക് കെണിയാകുന്നു. മുതുകുളം തട്ടാരുമുക്ക്- – വെട്ടത്തുകടവ് റോഡിൽ ആശുപത്രിമുക്കിന് സമീപമാണ് ഓട ഭീഷണിയാകുന്നത്. കല്ലുംമൂട്ടിലേക്കുള്ള ഇടറോഡിലേക്ക് തിരിയുന്നിടത്താണ് ഓടയ്‌ക്ക് മൂടിയില്ലാത്തത്. അപകട മുന്നറിയിപ്പെന്ന നിലയിൽ നാട്ടുകാർ വലിയൊരു വീപ്പ ഇവിടെ വച്ചിരുന്നു. എന്നാൽ, അടുത്തിടെ ഇത് ആരോ എടുത്തുമാറ്റിയതോടെ അപകടസാധ്യതയും വർധിച്ചു. പ്രധാന റോഡിൽനിന്ന് വടക്കോട്ട് തിരിയുന്നിടമാണിവിടം. കൃഷി ഓഫീസിന്റെ മതിൽ കാരണം പടിഞ്ഞാറുനിന്ന് വരുന്നവർക്ക് തിരിഞ്ഞതിനുശേഷമേ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയൂ. പെട്ടെന്ന് വാഹനങ്ങൾ നിർത്തുമ്പോൾ ഇരുചക്രവാഹനയാത്രികരുടെ ഇടതുകാൽ വയ്‌ക്കേണ്ടിവരുന്നത് ഓടയുടെ ഭാഗത്തേക്കാണ്. ഇവിടെ മൂടിയില്ലാത്തതിനാൽ കാൽ ഓടയിൽപ്പെട്ട് വാഹനങ്ങൾ മറിയും. തിരിയുന്ന സാഹചര്യത്തിൽ വലിയ വാഹനങ്ങളുടെ പിൻചക്രം ഓടയിൽ അകപ്പെടാനുളള സാധ്യതയുമുണ്ട്. കാൽനടയാത്രികരുടെ കാൽ കുഴിയിൽപ്പെട്ടും അപകടമുണ്ടാകാനിടയുണ്ട്.








0 comments