എംസി റോഡിൽ ബസുകളും കാറും കൂട്ടിയിടിച്ചു: 3 പേർക്ക് പരിക്ക്

എംസി റോഡിൽ മുണ്ടൻകാവ് പുത്തൻവീട്ടിൽപ്പടി പാലത്തിന് സമീപം അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസും കാറും
ചെങ്ങന്നൂർ
എം സി റോഡിൽ മുണ്ടൻകാവ് പുത്തൻവീട്ടിൽപ്പടി പാലത്തിന് സമീപം ബസുകളും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ ഡ്രൈവർ അടൂർ സ്വദേശി ആർ രാജേഷ്‌കുമാർ, കാർ യാത്രികരായിരുന്ന അഞ്ചൽ സ്വദേശി ഗീത (45), സ്വാഗത് (32) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് ഒന്നരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഞായർ രാവിലെ എട്ടോടെയാണ് അപകടം. പന്തളത്തുനിന്ന് കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസും എതിരെ തിരുവല്ല ഭാഗത്തുനിന്ന് വന്ന കാറും കൂട്ടിയിടിച്ചു. കാറിന് പിന്നാലെ വന്ന അന്തർ സംസ്ഥാന ടൂറിസ്‌റ്റ് ബസ് കാറിലും പിന്നീട് കെഎസ്ആർടിസി ബസിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് റോഡിന് കുറുകെ ആയതോടെയാണ് പിന്നാലെ എത്തിയ ടൂറിസ്‌റ്റ് ബസും ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ ഓടിച്ച സ്വാഗതിനെ വളരെ ബുദ്ധിമുട്ടിയാണ് പുറത്തെത്തിച്ചത്. ചെങ്ങന്നൂർ പൊലീസ്, അഗ്‌നിരക്ഷാസേന സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി. രാജേഷിനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും ഗീത, സ്വാഗത് എന്നിവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല.










0 comments