പുളിങ്കുന്ന് പഞ്ചായത്തില്‍ കൃഷിക്കും, ടൂറിസത്തിനും ഊന്നല്‍ നല്‍കി ബജറ്റ്

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ദാസ് അവരിപ്പിക്കുന്നു
മങ്കൊമ്പ്
പുളിങ്കുന്ന് പഞ്ചായത്തില്‍ 2026-–27 സാമ്പത്തിക വര്‍ഷം കൃഷിക്കും, ടൂറിസത്തിനും ഊന്നല്‍ കൊടുക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ദാസ് അവതരിപ്പിച്ചു. നെൽകൃഷി വികസനം, ജൈവപച്ചക്കറി ഉല്പാദനം, തെങ്ങിന് ജൈവവളം, ഹരിതഭവനം തുടങ്ങിയ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും വെള്ളപ്പൊക്കവും കർഷകരെ തളർത്താതിരിക്കാൻ ശാസ്ത്രീയമായ കൃഷിരീതികളും ബണ്ട് നിർമാണവും വേഗത്തിലാക്കും.കുട്ടനാടൻ ബ്രാൻഡ് അരിയുടെ വിപണന സാധ്യതകൾ ഉപയോഗപ്പെടുത്തും. ടൂറിസം പദ്ധതികളുടെ ഭാഗമായി കായൽ ടൂറിസം - ജലഗതാഗതത്തെയും ഗ്രാമീണ സൗന്ദര്യത്തെയും കോർത്തിണക്കി, പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ വഴി പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കായൽപ്പുറം വട്ടക്കായൽ ടൂറിസം, വേണാട്ടുകാട് - അമ്പനാപ്പള്ളി നാലുമണിക്കാറ്റ് ടൂറിസം പദ്ധതികൾ. വാട്ടർ ടൂറിസം സർക്യൂട്ട് -പുളിങ്കുന്നിലെ ചെറിയ തോടുകളെയും ചെറുവള്ളങ്ങളിലും ശിക്കാര കായൽപരപ്പുകളെയും ബന്ധിപ്പിച്ച് വള്ളങ്ങളിലും സഞ്ചരിക്കാവുന്ന ഒരു ടൂറിസം സർക്യൂട്ട് വിഭാവനം ചെയ്യുന്നു. ഇത് പ്രാദേശികമായ വള്ളക്കാർക്കും ചെറുകിട കച്ചവടക്കാർക്കും വലിയൊരു ആശ്വാസമാകും. വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി താമസിക്കാനും കുട്ടനാടൻ രുചികൾ ആസ്വദിക്കാനും സൗകര്യമൊരുക്കുന്ന ഹോംസ്റ്റേകൾക്ക് പ്രത്യേകം പ്രോത്സാഹനം നൽകും. ഇതിലൂടെ കുടുംബശ്രീ യൂണിറ്റുകൾക്കും വരുമാനം കണ്ടെത്താൻ സാധിക്കും. ടൂറിസ്റ്റുകൾക്ക് സുഗമമായി എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ ബോട്ട് ജെട്ടികൾ നവീകരിക്കും. 29,11,40,768- രൂപ വരവും, 25,87,28,457- രൂപ ചെലവും, 3,24,12,311 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് ഔസേപ്പച്ചന്‍ വെമ്പാടന്തറ അധ്യക്ഷനായി.










0 comments