ചമ്പക്കുളം മൂലം വള്ളംകളി
ജലരാജപ്രമുഖൻ ചെറുതന ചുണ്ടൻ

ചമ്പക്കുളം
അസ്‌തമയസൂര്യന്റെ പൊൻപ്രഭയിൽ തിളങ്ങിയ ചമ്പക്കുളം നെട്ടായത്തിൽ രാജകിരീടംചൂടി ചെറുതന. വള്ളംകളിയുടെ ജന്മനാട്ടിൽ സീസണ് തുടക്കമിട്ട് രാജപ്രമുഖൻ ട്രോഫിയിൽ ചെറുതന പുത്തൻചുണ്ടൻ മുത്തമിട്ടു. പമ്പയാറ്റിൽ പതിനായിരങ്ങൾ സാക്ഷിയായ ചമ്പക്കുളം മൂലംവള്ളികളിയുടെ കലാശപ്പോരിൽ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനെയും നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷന്റെ ആയാപറമ്പ് വലിയദിവൻജിയെയും വള്ളപ്പാടിന് പിന്നിലാക്കിയാണ് സോളി വർഗീസ് ക്യാപ്‌റ്റനായ എൻസിബിസി ബോട്ട് ക്ലബ്ബിന്റെ ചെറുതന പുത്തൻ ചുണ്ടൻ വിജയിയായത്. ചമ്പക്കുളം ചുണ്ടൻ രണ്ടാമതും ആയാപറമ്പ് വലിയദിവാൻജി മൂന്നാമതുമായി. ലൂസേഴ്സ് ഫൈനലിൽ ആയാംപറമ്പ് പാണ്ടി (യുബിസി കൈനകരി) വിജയിച്ചു. നടുഭാഗം ചുണ്ടനാണ് (നടുഭാഗം ബോട്ട് ക്ലബ്) രണ്ടാംസ്ഥാനം. വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ സാംസൺ ചാക്കോ പെനഞ്ഞപള്ളി ക്യാപറ്റനായ പി ജി കരിപ്പുഴ (കൊണ്ടാക്കൽ ബോട്ട് ക്ലബ്) ഒന്നാമതെത്തി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ വിജീഷ് വിജയൻ ക്യാപ്‌റ്റനായ അമ്പലക്കടവൻ (കുമരകം ടൗൺ ബോട്ട് ക്ലബ്, ഫാൻസ് ക്ലബ്) വിജയിച്ചു. ചുണ്ടൻവള്ളങ്ങളുടെ ഒന്നാംഹീറ്റ്സിൽ നടുഭാഗത്തെ ബഹുദൂരം പിന്നിലാക്കി ചെറുതന പുത്തൻചുണ്ടൻ വിജയിച്ചു. രണ്ടാം ഹീറ്റ്സിൽ ആയാംപറമ്പ് പാണ്ടിയും ചമ്പക്കുളം ചുണ്ടനും ഒട്ടിച്ചേർന്നതോടെ മത്സരഫലത്തിന് കാലതാമസമുണ്ടായി. തടസപ്പെട്ടെങ്കിലും ഇരുവള്ളങ്ങളും ഫിനിഷ് ചെയ്‌തു. ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. ഇരുവള്ളങ്ങളുടെയും ലീഡിങ് ക്യാപ്ൻറ്റമാരുമായി ചീഫ് അമ്പയർ തങ്കച്ചൻ പാട്ടത്തിൽ സംസാരിച്ച് വീണ്ടും ഹീറ്റ്സ് മത്സരം നടത്താൻ തീരുമാനിച്ചെങ്കിലും ആയാപറമ്പ് പാണ്ടി തുഴയാൻ തയ്യാറായില്ല. തുടർന്ന് ചമ്പക്കുളം ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചു. മൂന്നാംഹീറ്റ്സിൽ എതിരാളികൾ ഇല്ലാത്തതിനാൽ ആയാപറമ്പ് വലിയ ദിവാൻജി നേരിട്ട് ഫൈനലിലെത്തി. എൻസിബിസി ബോട്ട് ക്ലബിനായി പിബിസി പള്ളാത്തുരുത്തിയും ചമ്പക്കുളം ബോട്ട് ക്ലബിനായി വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും മൂന്നാമതായ നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷനായി നിരണം ബോട്ട് ക്ലബും നടുഭാഗം ബോട്ട് ക്ലബിനായി പുന്നമട ബോട്ട് ക്ലബുമാണ് മത്സരിച്ചത്. ജലമേള കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനംചെയ്‌തു. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജികുമാർ ജലമേളയും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ജലഘോഷയാത്രയും ഫ്ലാഗ് ഓഫ്ചെയ്തു. കലക്‌ടർ അലക്‌സ് വർഗീസ്, ജലോത്സവസമിതി ചെയർമാൻ സമീർ കിഷൻ, മുൻ എംഎൽഎ കെ കെ ഷാജു, ആർ കെ കുറുപ്പ്, ഫാ. ജെയിംസ് പാലയ്‌ക്കൽ, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് എന്നിവർ സംസാരിച്ചു. എംപിയും തോമസ് കെ തോമസ് എംഎൽഎയും സമ്മാനം നൽകി.










0 comments