ജനറൽ ആശുപത്രി ജീവനക്കാർ പരാതി നൽകി
മോക്ഡ്രിൽ ചിത്രങ്ങൾ ലഹരി വാർത്തയ്‌ക്കൊപ്പം നൽകി ഏഷ്യാനെറ്റ്


സ്വന്തം ലേഖകൻ
Published on Jan 18, 2026, 02:27 AM | 1 min read
ആലപ്പുഴ
ജനറൽ ആശുപത്രിയിൽ നടന്ന മോക്ഡ്രില്ലിന്റെ ചിത്രങ്ങൾ ഏഷ്യാനെറ്റ് ചാനലിന്റെ വെബ്സെെറ്റിൽ ദുരുപയോഗം ചെയ്‌തെന്ന് പരാതി. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ മോക്‌ഡ്രില്ലിൽ വനിതാ ജീവനക്കാരടക്കമുള്ളവർ പങ്കെടുക്കുന്ന ചിത്രങ്ങളാണ് രാസലഹരിക്കച്ചവടത്തിന്റെ വാർത്തയ്‌ക്കൊപ്പം നൽകിയത്. ചിത്രങ്ങൾ ദുരുപയോഗംചെയ്‌തതിനെതിരെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. പെട്ടെന്നുണ്ടാകുന്ന അക്രമങ്ങളെ ചെറുക്കുന്നതിന് ജീവനക്കാർ ആറു മാസത്തിലൊരിക്കൽ ആശുപത്രികളിൽ കോഡ് ഗ്രേ മോക്ഡ്രിൽ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞദിവസം നടത്തിയ മോക്‌ഡ്രില്ലിന്റെ ചിത്രങ്ങളാണ് ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തിയ യുവാവിന്റെ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടിയ വാർത്തയ്‌ക്കൊപ്പം നൽകിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ആർ സന്ധ്യ ജില്ലാ പൊലീസ് മേധാവിയ്‌ക്കും സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിലും പരാതി നൽകി. വ്യാജ വാർത്തയ്‌ക്കെതിരെ ആശുപത്രി ജീവനക്കാർ പ്രതിഷേധിക്കുന്നതായി സൂപ്രണ്ട് പ്രസ്‌താവനയിൽ അറിയിച്ചു.










0 comments