അർത്തുങ്കൽ തിരുനാൾ മഹോത്സവം നാളെ

അർത്തുങ്കൽ ബസിലിക്കയിൽ വിശുദ്ധ സെബാസ്‌ത്യാനോസിന്റെ നടതുറപ്പിന് ദർശനത്തിത്തിനെത്തിയ വിശ്വാസികൾ

സ്വന്തം ലേഖകൻ
Published on Jan 19, 2026, 12:13 AM | 1 min read
ചേർത്തല
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്‌ത്യനോസിന്റെ തിരുനാളാഘോഷത്തിൽ നടതുറക്കൽ കഴിഞ്ഞതോടെ ജനത്തിരക്കേറി. പതിനായിരങ്ങളാണ് നടതുറക്കലിന് സാക്ഷ്യംവഹിക്കാൻ സംസ്ഥാനത്ത് വിവിധയിടങ്ങളിൽനിന്നും പുറത്തുനിന്നും ഞായറാഴ്‌ച പുലർച്ചെ പള്ളിയങ്കണത്തിൽ എത്തിയത്. പള്ളയിലെ പ്രത്യേകമുറിയിൽ സൂക്ഷിക്കുന്ന വിശുദ്ധ സെബസ്‌ത്യാനോസിന്റെ രൂപം തിരുനാൾ പ്രമാണിച്ച് 18 മുതൽ 27 വരെയാണ് എല്ലാവർഷവും ദർശനത്തിന് വയ്‌ക്കുന്നത്. നടതുറപ്പിനുശേഷം പുലർച്ചെ 5.30 മുതൽ രാത്രി 10 വരെ ഒന്പതുനേരം ദിവ്യബലിയുണ്ടായി. പകൽ 11ന് തിരുവല്ല രൂപത മെത്രാൻ ഡോ. തോമസ് മാർ കൂറിലോസും വൈകിട്ട് ആറിന് കണ്ണൂർ രൂപത സഹമെത്രാൻ ഡോ. ഡെന്നിന് കുറുപ്പശേരിയും ദിവ്യബലിക്ക് മുഖ്യകാർമികരായി. തിങ്കളാഴ്‌ച കാരുണ്യദിനത്തിലും ഒന്പതുനേരം ദിവ്യബലിയുണ്ടാകും. 20നാണ് തിരുനാൾ മഹോത്സവം. 10 നേരം ദിവ്യബലിയർപ്പിക്കും. പകൽ 11ന് തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യകാർമികനാകും. വൈകിട്ട് 4.30നാണ് ചരിത്രപ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം. വിശുദ്ധന്റെ രൂപംവഹിച്ച് പള്ളിയിൽനിന്ന് പുറപ്പെടുന്ന പ്രദക്ഷിണത്തിൽ പതിനായിരങ്ങൾ അണിചേരും. കടപ്പുറത്തെ കുരിശടിവരെയെത്തി പള്ളിയിലേക്ക് മടങ്ങും. 27ന് കൃതജ്ഞതാ ദിനാചരണത്തോടെയാണ് ആഘോഷം സമാപിക്കുക. സമീപ ജില്ലകളിൽനിന്നുൾപ്പെടെ കെഎസ്‌ആർടിസി പ്രത്യേക ബസ് സർവീസ് നടത്തും. സ്വകാര്യബസുകളും പ്രത്യേക സർവീസ് നടത്തും.










0 comments