സൺറൈസ് ആശുപത്രിയിൽ ശസ്‌ത്രക്രിയ
അനന്തിന് ശ്വസിക്കാം, വീണ്ടും കാനഡയിലേക്ക്

കൊച്ചി
കാനഡയിൽ ഉപരിപഠനത്തിനിടെ ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായ മലയാളി വിദ്യാർഥിക്ക് കാക്കനാട് സൺറൈസ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ആലപ്പുഴ തിരുമല സ്വദേശി അനന്ത് കൃഷ്ണ ഹരീഷി (20)നാണ് ശസ്‌ത്രക്രിയ നടത്തിയത്. വികസിത രാജ്യമായിരുന്നിട്ടും കൃത്യമായ രോഗനിർണയമോ പരിശോധനയോ കാനഡയിൽ ലഭ്യമായില്ലെന്ന് മാതാപിതാക്കളായ ഡോ. ടി എ പൂർണിമയും ബി ഹരീഷും പറഞ്ഞു. കാനഡ ഒന്റാരിയോ ബാരിയിലെ ഗ്രിഗോറിയൻ കോളേജിലെ മൂന്നാംവർഷ വിദ്യാർഥിയായ അനന്തിനെ സെപ്‌തംബറിൽ നെഞ്ചുവേദനയും ശ്വാസതടസ്സവുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 16 മണിക്കൂർ കാത്തിരുന്നശേഷമാണ് ഡോക്ടറെ കാണാനായത്. ശ്വാസകോശത്തിൽ അണുബാധയും ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയും കണ്ടെത്തി. ക്ഷയരോഗ സാധ്യത സംശയിച്ച് ഐസൊലേഷൻ മുറിയിലേക്ക് മാറ്റി. 40 ദിവസത്തോളം അവിടെ കിടന്നെങ്കിലും രോഗിയുടെ വിവരങ്ങൾ കൈമാറാൻ ഡോക്ടർമാർ തയ്യാറായില്ല. നവംബർ 18ന് സൺറൈസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇടത് ശ്വാസകോശത്തിനുള്ളിലെ അണുബാധ പഴകി പഴുപ്പിന് കട്ടികൂടി പാളികളായി കെട്ടിക്കിടക്കുകയാണെന്ന് കണ്ടെത്തി. കാർഡിയോ തൊറാസിക് സർജൻ ഡോ. നാസർ യൂസഫിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടന്നത്. നവംബർ 27ന് ആശുപത്രി വിട്ട അനന്ത് ഉടൻ കാനഡയിലേക്ക് പോകും. ഡോ. നാസർ യൂസഫ്, ഡോ. നീതു തമ്പി, ഡോ. പി ശോഭ, അനന്ത് കൃഷ്ണ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments