റെക്കോഡിൽ അനായാസം അനാമിക

മാരാരിക്കുളം
കഞ്ഞിക്കുഴിക്കാരി പ്ലസ്‌വൺ വിദ്യാർഥി അനാമിക അജേഷ് കളിക്കളത്തിൽ ഇറങ്ങിയാൽ റെക്കോഡിട്ടേ മടങ്ങൂ. വ്യാഴാഴ്ച ലുഥിയാനയിൽ സമാപിച്ച നാഷണൽ യൂത്ത് അത്‌ലറ്റിക്സ് മീറ്റിലും ഈ താരം റെക്കോഡ് തിളക്കത്തോടെയാണ് പൊന്നണിഞ്ഞത്. മീറ്റിലെ കേരളത്തിന്റെ ഒരേയൊരു സ്വർണമാണിത്. ഹെപ്റ്റാതലണിലാണ് ദേശീയ റെക്കോഡ് തകർത്തത്. ചാരമംഗലം ഗവ. ഡിവിഎച്ച്എസ് വിദ്യാർഥി അനാമിക കഞ്ഞിക്കുഴി പീടികവെളി അജേഷ് – - സോണി ദമ്പതികളുടെ മകളാണ്. സഹോദരൻ ആരോമൽ . സംസ്ഥാന, ദേശീയ മത്സരങ്ങളിൽ അഞ്ച് മീറ്റ് റെക്കോഡുകളുടെ ഉടമയാണ് അനാമിക. 16 വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ദേശീയ റെക്കോഡ്, ഹെപ്റ്റാതലൺ, പെന്റാതലൺ വിഭാഗങ്ങളിൽ സംസ്ഥാന റെക്കോഡ് എന്നിങ്ങനെയാണ് അനാമികയുടെ കൈയൊപ്പ് പതിഞ്ഞവ. ജൂനിയർ വിഭാഗം പെന്റാതലണിൽ സംസ്ഥാന, ദേശീയ റെക്കോഡുകളുടെയും ഉടമയാണ്. കഴിഞ്ഞവർഷം യൂത്ത് സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ ഹെപ്റ്റാതലണിൽ ഒമ്പതുവർഷം പഴക്കമുള്ള റെക്കോഡും അനാമിക തകർത്തിരുന്നു. ലോങ്ജമ്പിൽ ദേശീയ റെക്കോഡ് പഴങ്കഥയാക്കി സ്വർണം നേടാനും കഴിഞ്ഞു.കേരള സ്പോർട്സ് കൗൺസിലിന്റെ കലവൂരിലെ റീജണൽ കോച്ചിങ് സെന്ററിൽ സ്പോർട്സ് കൗൺസിൽ കോച്ച് കെ ആർ സാംജിയാണ് പരിശീലിപ്പിക്കുന്നത്.










0 comments