നിർമിച്ചത് പരുമലയിൽ
അമ്പലപ്പുഴ പാൽപ്പായസം ഇന്നുമുതൽ പുതിയ വാർപ്പിൽ

മാന്നാർ
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിവേദിക്കാനുള്ള പാൽപായസം തയാറാക്കുന്ന വാർപ്പ് നിർമ്മിച്ചത് പരുമലയിൽ. 1500 ലിറ്റർ വാർപ്പിൽ ശനിയാഴ-്‌ച മുതൽ പാൽപായസം തയാറാക്കും. ആർട്ടിസാൻസ് മെയിന്റനൻസ് ആൻഡ് ട്രഡീഷണൽ ട്രേഡിങ് കമ്പനിയുടെ ചുമതലയിൽ പരുമല കാട്ടുംപുറത്ത് പി പി അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിൽ അമ്പതോളം തൊഴിലാളികളുടെ ആറുമാസത്തെ ശ്രമഫലമായാണ് വാർപ്പ് നിർമിച്ചത്. 25 ലക്ഷത്തോളം രൂപയാണ് നിർമാണ ചെലവ്. ശബരിമല, പാറമേക്കാവ്, ഏറ്റുമാനൂർ, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ മിക്ക പ്രമുഖ ക്ഷേത്രങ്ങളിലെയും കൊടിമരങ്ങൾ ഉൾപ്പെടെയുള്ള നിർമിതികളിൽ ശിൽപി പി പി അനന്തൻ ആചാരിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യം തയാറാക്കുന്ന ഭീമൻ നാലുകാതൻ വാർപ്പുകളും നിർമിച്ചത്. ശബരിമല, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിലെ അകത്തെ തിടപ്പള്ളിയിലേക്കുള്ള നിവേദ്യ പാത്രങ്ങളും അനന്തൻ ആചാരിയുടെ പണിശാലയിലാണ് നിർമിച്ചത്. രണ്ടുവർഷം മുമ്പ് അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് വഴിപാടായി സമർപ്പിച്ച തുലാഭാരത്തട്ടും അനന്തൻ ആചാരിയും സംഘവുമായിരുന്നു നിർമിച്ചത്.










0 comments