അനുഗ്രഹം ചൊരിഞ്ഞ് ഗുരുനാഥൻ; ആദരവോടെ സലാം

എച്ച് സലാമിനെ അനുഗ്രഹിക്കുന്ന അധ്യാപകൻ കെ ആർ സി ചന്ദ്രൻപിള്ള
അമ്പലപ്പുഴ ‘
പഠനകാലത്തേ ശ്രദ്ധിച്ചിരുന്ന വിദ്യാർഥിയായിരുന്നു സലാം. പൊതുപ്രവർത്തകനാകുമെന്ന് അന്നേ മനസിൽ കുറിച്ചതാണ്. അതിന് ഒരു മാറ്റവുമുണ്ടായില്ല’ പുന്നപ്ര അറവുകാട് ഹെെസ‍്കൂളിലെ മലയാളം അധ്യാപകൻ പുന്നപ്ര തെക്ക് ജ്യോതിസിൽ കെ ആർ സി ചന്ദ്രൻപിള്ള പറയുന്നു. അക്ഷരങ്ങളിലൂടെ അറിവുപകർന്ന ഗുരുനാഥനെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയതായിരുന്നു അന്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം. നൂറുകണക്കിന് കിടപ്പുരോഗികൾക്ക് ആശ്വാസം പകരുന്ന ചേതന പാലിയേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറിയായി സലാമിന് പ്രവർത്തിക്കാനാകുന്നത് കരുണയുള്ള മനസുള്ളതുകൊണ്ടാണെന്ന് സലാമിന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് കെ ആർ സി ചന്ദ്രൻപിള്ള പറഞ്ഞു. സലാം കവിത എഴുതുന്നതും അദ്ദേഹം പരാമർശിച്ചു. കൂടുതൽ എഴുതണമെന്ന ഉപദേശവും പഴയ മലയാള അധ്യാപകൻ നൽകി. ഗുരുനാഥന്റെ അനുഗ്രഹം വാങ്ങിയ ശേഷം വോട്ട് അഭ്യർഥിച്ച് കൊപ്പാറക്കടവ് കട്ടക്കുഴിയിലെ തൊഴിലുറപ്പ് സ്ഥലങ്ങളിലേക്കാണ് എച്ച് സലാം പോയത്. വികസനനായകനെ തൊഴിലാളികൾ ഏറെ ആഹ്ലാദത്തോടെ വരവേറ്റു. വിവിധ സ്‌കൂളുകളിലെത്തി അധ്യാപകരെയും നേരിൽക്കണ്ട് എച്ച് സലാം വോട്ട് അഭ്യർഥിച്ചു. പകൽ 3.30 ഓടെ വളഞ്ഞവഴി, എംസിഎച്ച്, പുന്നപ്ര മാർക്കറ്റ് ജങ്ഷനുകളിലെ കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുമെത്തി വോട്ട് അഭ്യർഥിച്ചു.











0 comments