എഐയെ അടുത്തറിഞ്ഞ് ശാസ്‌ത്ര പാർലമെന്റ്

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സയൻസ് പാർലമെന്റിൽ ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോയ് സെബാസ്റ്റ്യൻ ക്ലാസ് നയിക്കുന്നു
ആലപ്പുഴ
"സ്‌മാർട്ട് ഫോണിൽ ഒരു സെൽഫിയെടുത്താൽ ഡോക്‌ടറുടെ ആവശ്യമില്ലാതെ നമ്മുടെ രോഗങ്ങളും ആരോഗ്യസ്ഥിതിയുമൊക്കെ അറിയാനാകുന്ന കാലം വരും' – ടെക്‌ജൻഷ്യ സിഇഒ ജോയി സെബാസ്‌റ്റ്യന്റെ വാക്കുകൾ സദസിലിരുന്ന വിദ്യാർഥികളിലും രക്ഷിതാക്കളിലും കൗതുകമുണർത്തി. നിർമിതബുദ്ധിയുടെ സഹായത്തിൽ ഫോട്ടോകളിലൂടെ കണ്ണിനെ വീക്ഷിച്ച് ആരോഗ്യസ്ഥിതി മനസിലാക്കാനുള്ള പഠനം പുരോഗമിക്കുന്നു. നിലവിൽ നിർമിതബുദ്ധിയിൽ വന്നിട്ടുള്ള കണ്ടുപിടിത്തങ്ങൾ വളരെ കുറവാണ്, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേ ലോകത്ത് ആരംഭിച്ചിട്ടുണ്ട്. ശാസ്‌ത്രജ്ഞനായ അലൻ ടൂണിങ്ങിന്റെ "മെഷീനുകൾക്ക് ചിന്തിക്കാനാകുമോ'എന്ന ചോദ്യമാണ് വഴിത്തിരിവായത് – ജോയി സെബാസ്‌റ്റ്യൻ പറഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്‌ത്ര പാർലമെന്റിൽ ‘നിർമിതബുദ്ധിയും പുതുയുഗവും’ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. എഐ ഭാവിയിൽ എങ്ങനെയൊക്കെ സ്വാധീനിക്കും, തൊഴിലിടങ്ങളെയും വ്യക്‌തികളെയും എങ്ങനെ ബാധിക്കും, വിജ്ഞാനലോകം ഭാവിയിൽ എങ്ങനെയാകും, പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ.. തുടങ്ങി നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ശാസ്‌ത്ര പാർലമെന്റിൽ ചർച്ചയായി. എഐ ഇൗ ലോകമാകെ കീഴടക്കുമോ, അങ്ങനെ വന്നാൽ എന്താകും കാര്യങ്ങൾ? അഞ്ചാംക്ലാസുകാരനായ ജ്ഞാനദേവ് പി പ്രഭു ചോദിച്ചു. മനുഷ്യരുടെ അതേ സ്വഭാവവും രീതിയുമുള്ളവ കണ്ടെത്തിയാൽ എഐ മനുഷ്യനെക്കാൾ മെച്ചപ്പെട്ടതാകും, അങ്ങനെയത് എല്ലാ മേഖലയും കീഴടക്കിയേക്കാം. എന്നാൽ നിയമസംവിധാനവും മറ്റ് ഇടപെടലുകളും വഴി ഇത്തരം സംഭവങ്ങൾ ഉറപ്പായും നിയന്ത്രിക്കപ്പെടുമെന്നായിരുന്നു ജോയി സെബാസ്‌റ്റ്യന്റെ മറുപടി. എഐ ഉപയോഗം തൊഴിലിടങ്ങളിൽ സജീവമായാൽ കൂട്ടമായി ആളുകൾക്ക് തൊഴിൽ നഷ്‌ടമാകുമോയെന്ന് പ്ലസ്‌വൺ വിദ്യാർഥി ആദിൽ മുഹമ്മദ് ചോദിച്ചു. നിലവിൽ എൻക്രിപ്‌റ്റ് ചെയ്‌ത വിവരങ്ങൾ ക്വാണ്ടം കംപ്യൂട്ടേഴ്‌സിൽ ഡിക്രിപ്‌റ്റ് ചെയ്യപ്പെടുമോ...വിവരങ്ങൾ ചോരുമോ, എല്ലാവർക്കും എഐ പരിശീലിപ്പിക്കാൻ സാധിക്കുമോ തുടങ്ങിയ വിവിധ ചോദ്യങ്ങളുയർന്നു. ദേശാഭിമാനി ബ്യൂറോചീഫ് എസ് അഞ്‌ജുനാഥ്, കെഎസ്‌ടിഎ ജില്ലാ എകിസിക്യൂട്ടീവംഗം വി എം റോബർട്ട്, ജില്ലാ കമ്മിറ്റിയംഗം സി സതീഷ്, ഉപജില്ലാ കമ്മിറ്റിയംഗങ്ങളായ റോഷ്‌ന കബീർ, പി എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.









0 comments