Deshabhimani

പറന്നുയർന്നൂ... ജ്ഞാനശലഭങ്ങൾ

അക്ഷരമുറ്റം
avatar
സ്വന്തം ലേഖകൻ

Published on Oct 13, 2025, 12:55 AM | 2 min read

ആലപ്പുഴ
സമരവും ചരിത്രവും കലയും സിനിമയും രാഷ്‌ട്രീയവുമെല്ലാം ഇടകലർന്നെത്തിയ 20 ചോദ്യങ്ങൾ... മൂർച്ചയുള്ള ചോദ്യങ്ങളെ കൗതുകവും നർമവും ചേർത്തവതരിപ്പിച്ച്‌ അധ്യാപകർ.. അറിവിന്റെ പരപ്പിൽനിന്ന്‌ ചാട്ടുളി പോലെ ഉത്തരങ്ങളെയ്‌ത്‌ കൊച്ചുകൂട്ടുകാർ.. നിർമിതബുദ്ധിയുടെ സാധ്യതകളിലേക്ക്‌ കൈപിടിച്ച്‌ ശാസ്‌ത്ര പാർലമെന്റ്‌... ആവേശം വാനോളമുയർത്തിയ പ്രസംഗമത്സരം... മുഹമ്മദൻസ്‌ ബോയ്‌സ്‌ എച്ച്എസ്എസ് അങ്കണത്തിൽ അറിവിന്റെ ശലഭങ്ങൾ പാറിപ്പറന്നു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ 14 ജില്ലാമത്സരം വിജ്ഞാനകുതുകികളുടെ സംഗമഭൂമിയായി. അറിവരങ്ങിൽ പോരാട്ടം കനത്തതോടെ വിജയികളെ കണ്ടെത്താൻ എച്ച്‌എസ്‌എസ്‌, എച്ച്‌എസ്‌, യുപി വിഭാഗങ്ങളിൽ ടൈബ്രേക്കർ വേണ്ടിവന്നു. 11 സബ്‌ ജില്ലകളിൽനിന്നായി 84 കുട്ടികളാണ്‌ ജില്ലാതലത്തിൽ മാറ്റുരച്ചത്‌. തലശേരി ഒ ചന്തുമേനോൻ സ്‌മാരക വലിയമാടാവിൽ ഗവ. യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അഹാൻ അനൂപ്‌ പരീക്ഷാ പേപ്പറിൽ കുറിച്ച "ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..’ എന്ന സന്ദേശവും അഹാന്റെയും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെയും ചിത്രവുമടങ്ങിയ സ്ലൈഡ്‌ പ്രദർശിപ്പിച്ചാണ്‌ 10.30ഓടെ മത്സരം ആരംഭിച്ചത്‌. ആലപ്പുഴ ഗവ. മുഹമ്മദൻസ്‌ എച്ച്‌എസ്‌ എൽപിഎസ്‌ ഹാളിൽ എച്ച്‌ സലാം എംഎൽഎ മത്സരം ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി ആലപ്പുഴ ന്യൂസ്‌ എഡിറ്റർ ലെനി ജോസഫ്‌ അധ്യക്ഷനായി. ടെക്‌ജെൻഷ്യ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ ജോയ്‌ സെബാസ്‌റ്റ്യൻ മുഖ്യാതിഥിയായി. മാർക്കറ്റിങ്‌ മാനേജർ ഗോപൻ നമ്പാട്ട്, കെഎസ്ടിഎ സംസ്ഥാന പ്രഡിഡന്റ് ഡി സുധീഷ്, ജില്ലാ സെക്രട്ടറി പി ഡി ജോഷി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജിജോ ജോസഫ്‌, ദേശാഭിമാനി ബ്യൂറോ ചീഫ് എസ്‌ അഞ്‌ജുനാഥ്‌, സിപിഐ എം ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ, അക്ഷരമുറ്റം ജില്ലാ കോ – ഓർഡിനേറ്റർ ജി ശ്യാംകുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക്‌ ഇണങ്ങിയ ലോകം എന്ന വിഷയത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഒമ്പതുപേർ പങ്കെടുത്തു. ഉദ്‌ഘാടനശേഷം തെരഞ്ഞെടുത്ത 150 വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സയൻസ് പാർലമെന്റിൽ ‘നിർമിതബുദ്ധിയും പുതുയുഗവും’ എന്ന വിഷയത്തിൽ ജോയ്‌ സെബാസ്‌റ്റ്യൻ കുട്ടികളുമായി സംവദിച്ചു. ജില്ലാതലത്തിൽ ഒന്നാം സ്ഥാനക്കാർക്ക്‌ 10,000 രൂപയും മൊമന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. രണ്ടാംസ്ഥാനക്കാർക്ക്‌ 5000 രൂപയും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. പ്രസംഗമത്സരത്തിൽ 5000 രൂപയും മൊമന്റോയും സർട്ടിഫ-ിക്കറ്റുമാണ്‌ ഒന്നാം സമ്മാനം. 3000 രൂപയും മൊമന്റോയും സർട്ടി-ഫിക്കറ്റുമാണ്‌ രണ്ടാം സമ്മാനം. ഡിസംബറിൽ ആലപ്പുഴ ബീച്ച്‌ ഫെസ്‌റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ഇവന്റിൽ സമ്മാനങ്ങൾ വിതരണംചെയ്യും. വെൻകോബ് ആണ്‌ പരിപാടിയുടെ പ്രൈസ് സ്‌പോൺസർ. മൈജി ഡിജിറ്റൽ പാർട്‌ണറും ഗ്ലോബൽ അക്കാദമി എജ്യുക്കേഷണൽ പാർട്‌ണറും കിലോ ബസാർ മുഖ്യപ്രായോജകരുമാണ്‌. എൻ എസ് ഹോസ്‌പിറ്റൽ, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്, കേരള ബാങ്ക്, ഫ്ലോറാ ഫാൻടാസിയ, നിക്ഷാൻ ഇലക്‌ട്രോണിക്‌സ്‌, വിസ്‌മയ എൻ ആർ ഇ ധർമപ്രിയ ഫിനാൻസ്, സവാരി, ബാങ്ക് ഓഫ് ബറോഡ, ആന്റണീസ് അക്കാദമി എന്നിവർ സഹപ്രായോജകരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home