നാട്ടുരുചികൾ പകർന്ന് രുചിമേളം

മണ്ണഞ്ചേരി
പാഠപുസ്‌തകത്തിലെ ചട്ടിപ്പത്തിരിയും കൊഴുക്കട്ടയും മറ്റ് നാടൻവിഭവങ്ങളും കണ്ടും രുചിച്ചും മനസിലാക്കിയപ്പോൾ കുട്ടികൾക്കത് മറക്കാനാകാത്ത അനുഭവമായി. തമ്പകച്ചുവട് ഗവ. യുപി സ്‌കൂളിൽ ആറാംക്ലാസിലെ ‘അമൃതം നുകരാം', അഞ്ചാംക്ലാസിലെ സാമൂഹ്യപാഠത്തിലെ ‘പീലിയുടെ ഗ്രാമം’ എന്നീ പാഠഭാഗങ്ങളോടനുബന്ധിച്ചാണ‍് ‘രുചിമേളം’ എന്ന നാടൻവിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. പാൽക്കപ്പ, കായ്‌പ്പോള, പാൽകൊഴുക്കട്ട, റവ ലഡു, അരിയുണ്ട, പുട്ട്, ഇഡലി, ഉണ്ണിയപ്പം, മസാലദോശ, റാഗി അട, റാഗി ലഡു, റാഗി ഇടിയപ്പം, വട്ടയപ്പം, ഇലയട, തെരളിയപ്പം, അച്ചപ്പം, കപ്പ കുഴച്ചത്, കപ്പ പുഴുങ്ങിയതും മുളകും, അവിൽ വിളയിച്ചത്, അവിൽ നനച്ചത്, അരിയുണ്ട, ചക്കയട, ചക്ക വരട്ടിയത് തുടങ്ങി നൂറോളം വിഭവങ്ങൾ പ്രദർശനത്തിനുണ്ടായി. 250 ഓളം കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. ഓലയും വെള്ളക്കയും ഉപയോഗിച്ച് വിവിധ കളിപ്പാട്ടങ്ങൾ, ഓലപ്പുര, ഓലക്കുട്ട, പേപ്പർ ഉൽപന്നങ്ങൾ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തി. മണ്ണഞ്ചേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഇൻ ചാർജ് സി സജി ഉദ്ഘാടനംചെയ്‌തു. പ്രഥമാധ്യാപിക എം ഉഷാകുമാരി, അധ്യാപകരായ നിത്യ കാർത്തികേയൻ, സി എസ് സുനി, സ്‌റ്റെഫി നെൽസൺ, സിന്ധു ആർ നായർ, ആർ വിദ്യ, പി കെ കാർത്തിക, ടി എൽ ശരണ്യമോൾ, എൻ എ സഫീറ, ജെ ദിവ്യ എന്നിവർ നേതൃത്വം നൽകി.










0 comments