പടനിലം ഇളക്കിമറിച്ച് കാളക്കൂറ്റന്മാർ
ആകാശംമുട്ടെ അത്ഭുതക്കാഴ്ച

കായംകുളം/കരുനാഗപ്പള്ളി
വാനംമുട്ടെ ആവേശം നിറച്ച് പടനിലം കീഴടക്കിയ കാളക്കൂറ്റന്മാരും ആർത്തുവിളിച്ച ജനസാഗരവും ഓണാട്ടുകരയുടെ അത്ഭുതക്കാഴ്‌ചയായി. കാർഷിക സംസ്കാരത്തിന്റെ സന്ദേശം വിളിച്ചോതി ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടന്ന കാളകെട്ട് ഉത്സവം വിസ്‌മയാനുഭൂതി പകർന്നു. ബുധനാഴ്ച രാവിലെ മുതൽ ഓണാട്ടുകരക്കാർ ഒന്നാകെ കടലുപോലെ ഓച്ചിറയിലേക്ക് ഒഴുകിയെത്തി. കാഴ്ചവൈവിധ്യം നിറച്ച് കെട്ടുകാളകൾ അണിനിരന്നപ്പോൾ പതിനായിരങ്ങൾ മതിമറന്നു. വർഷങ്ങളായി ഓരോ കരകളിലെയും കാളകെട്ട് സംഘങ്ങൾ തങ്ങളുടെ വികാരമായി കൊണ്ടുനടക്കുന്ന കെട്ടുകാളകളെ രാവിലെ മുതലേ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. വൈകിട്ട് ക്ഷേത്ര പരിസരവും റോഡുകളും ജനനിബിഡമായി. വലിയ കെട്ടുകാളകൾ രാത്രി 8.30 കഴിഞ്ഞതോടെ ക്ഷേത്ര പരിസരത്തേക്കെത്തി. ചെറിയ കെട്ടുകാളകൾ മുതൽ 72.75 അടി ഉയരമുള്ളവ വരെ അണിനിരന്ന കെട്ടുത്സവത്തിൽ വിശ്വപ്രജാപതി കാലഭൈരവൻ, ഓണാട്ടു കതിരവൻ തുടങ്ങിയവയ്‌ക്കൊപ്പം ഇത്തവണ തലപ്പൊക്കത്തിൽ വമ്പൻമാരായി കായംകുളം ചിറക്കടവ് യുവജന സമിതിയുടെ വീരഭദ്ര മഹാദേവൻ, ചങ്ങൻകുളങ്ങര സമിതിയുടെ യുവമന്ത്ര, പ്രയാർ പറയടത്ത് മുക്ക് സമിതിയുടെ അസുരാധിപതി കാലകേയൻ തുടങ്ങിയവയും കാഴ്ചപ്പൂരത്തിന് മാറ്റുകൂട്ടി. രൗദ്ര ബ്രഹ്മ ഋഷഭൻ, അഘോര രുദ്ര നേത്രൻ, പ്രയാർ വടക്ക് ശിവപ്രിയൻ, കിണറുമുക്ക് കൊമ്പൻ, പായിക്കുഴി കര ഇടംപിരി വലംപിരി വാരനാട് കൊമ്പൻ, അമ്പലക്കര കൊമ്പൻ തുടങ്ങിയ പേരുകളാൽ പെരുമ നേടിയ കൂറ്റൻ കെട്ടുകാളകളും കളംനിറഞ്ഞു. സ്വന്തം പേര് ഓരോ നാടിന്റെയും വികാരമാക്കി മാറ്റിയവയാണ് ഇവയെല്ലാം. കൈക്കുമ്പിളിൽ ഒതുങ്ങുന്ന കുള്ളൻ കാളകൾ മുതൽ പഞ്ചലോഹം, സ്വർണം, വെള്ളി, സിമന്റ്, ഉരുക്ക് എന്നിവയാൽ നിർമിച്ച കാളകൾവരെ ആൾക്കൂട്ടത്തിലേക്ക് ഇരമ്പിയാർന്നെത്തി. കെട്ടുത്സവത്തിലെ പുരുഷ മേൽക്കോയ്മ തകർത്ത് നിരവധി വനിതാ കെട്ടുകാള സംഘങ്ങളും പങ്കുചേർന്നു.










0 comments