ദേശീയപാതയിലെ കുഴി
കാർ ബൈക്കുകളിലിടിച്ച് 4 യുവാക്കൾക്ക് പരിക്ക്

ദേശീയപാതയിൽ മെഡിക്കൽ കോളേജ് ആശുപത്രി ജങ്ഷന് സമീപമുണ്ടായ അപകടത്തിൽ തകർന്ന ഇരുചക്ര വാഹനങ്ങൾ
അമ്പലപ്പുഴ
ദേശീയപാതയിലെ കുഴി കണ്ട് വെട്ടിച്ച കാർ നിയന്ത്രണം തെറ്റി ഇരുചക്രവാഹനങ്ങളിലിടിച്ച് നാല് യുവാക്കൾക്ക് പരിക്ക്. ബുധനൂർ എണ്ണയ്‌ക്കാട് ചെറുവേലിത്തറ വീട്ടിൽ അഭി (28), പുന്നപ്ര സ്വദേശികളായ ആസിഫ് (22), സൽമാൻ (22), ഷിനാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ശനി രാത്രി 11.30ഓടെ ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജങ്ഷന് സമീപമാണ് അപകടം. ആലപ്പുഴയിൽനിന്ന് ഹരിപ്പാട് ദിശയിലേക്ക് പോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ദേശീയപാതയിലെ കുഴിയിൽ വീഴാതെ വെട്ടിച്ചതോടെ അഭി ഓടിച്ചിരുന്ന ബുള്ളറ്റിലും ആസിഫ്, സൽമാൻ എന്നിവരുടെ സ്‌കൂട്ടറിലും ഷിനാസിന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു. സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരനായ അഭി എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വലതുകാലിന് ഗുരുതര പരിക്കേറ്റ അഭിയെയും ദേഹമാസകലം പരിക്കേറ്റ മറ്റ് യുവാക്കളെയും നാട്ടുകാർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച അഭിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബുള്ളറ്റും സ്‌കൂട്ടറും പൂർണമായി തകർന്നു. നീർക്കുന്നം ഇജാബ പള്ളിയിലെ പ്രത്യേക പ്രാർഥനാ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അഭി ഒഴികെയുള്ള യുവാക്കൾ. ദേശീയ പാതയിൽ ആശുപത്രി ജങ്ഷൻമുതൽ തെക്കോട്ട് 50 മീറ്ററിലധികം ദൂരത്തിൽ റോഡിലെ കുഴിയും വെളിച്ചക്കുറവുമാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.










0 comments