കേരം തിങ്ങും ചേന വിളയും

മാന്നാറിലെ ചേനഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
മാന്നാർ
കേരഗ്രാമം പദ്ധതിയിൽ ചേന കൃഷി കൂടി ഉൾപ്പെടുത്തി മാന്നാർ. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, കൃഷിഭവന്‍, കേരസമിതി എന്നിവ ചേർന്നാണ് കേരഗ്രാമം പദ്ധതിക്കൊപ്പം ചേനഗ്രാമം പദ്ധതിയും നടപ്പാക്കുന്നത്. കർഷകർക്ക് കൂടുതൽ വരുമാനത്തിന് തെങ്ങിൻതോട്ടത്തിൽ ചേനകൃഷി വ്യാപിപ്പിക്കും. തെങ്ങിന്റെ ഉൽപ്പാദനക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി തുടങ്ങിയ കേരഗ്രാമം പദ്ധതിയിലൂടെ തെങ്ങുകൃഷിയുടെ ശാസ്‌ത്രീയ പരിചരണം, തടംതുറക്കൽ സംയോജിത വളപ്രയോഗം, ഇടവിളകൃഷി, കീടരോഗനിയന്ത്രണം, രോഗബാധിത തെങ്ങുകൾ വെട്ടിമാറ്റി തൈനടീൽ, പമ്പുസെറ്റ് വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം, ജൈവവള നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, പഞ്ചായത്ത് തല മൂല്യവര്‍ധന യൂണിറ്റ് തുടങ്ങിയ കര്‍മപരിപാടികളുടെ തുടർച്ചയാണ് ചേനഗ്രാമം. 3.5 ലക്ഷം രൂപ ചേന കൃഷിക്ക് വിനിയോഗിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് പി എ ലത അധ്യക്ഷയായി. നടീൽവസ്‌തുക്കൾ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളിയും ഡിജിറ്റൽ ക്രോപ് സർവേ ഐഡി കാർഡ് കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ മായ എൻ ഗോപാലകൃഷ്‌ണനും വിതരണംചെയ്‌തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സല ബാലകൃഷ്‌ണൻ, അജിത് പഴവൂർ, കൃഷി അസിസ്‌റ്റന്റ് ഡയറക്‌ടർ സൂസൻ തോമസ്, കൃഷിഓഫീസർ പി സി ഹരികുമാർ, ടൈറ്റസ് പി കുര്യൻ, ലേഖനകുമാരി, ചാക്കോ കൈയത്ര, കേരസമിതി പ്രസിഡന്റ് കെ ജി മുരളീധരൻനായർ, സെക്രട്ടറി മാത്യു വർഗീസ് എന്നിവർ സംസാരിച്ചു. റിട്ട. കൃഷി ഓഫീസർ അഭിലാഷ് കരിമുളയ്‌ക്കൽ ക്ലാസ് നടത്തി.










0 comments