നടപടിയെടുക്കാതെ ഇറിഗേഷൻവകുപ്പ്
റോഡ് ഇടിഞ്ഞുതാഴ്‌ന്നു; കുടിവെള്ളവും മുട്ടി

റോഡ് ഇടിഞ്ഞ നിലയിൽ
ഹരിപ്പാട്
ചെറുതന പഞ്ചായത്ത് ഒന്നാം വാർഡിൽ മുടിയിക്കുഴി റോഡിന്റെ പകുതിയോളം ഭാഗം ആറ്റിലേക്ക് ഇടിഞ്ഞുതാഴ്‌ന്നു. ഇറിഗേഷൻ വകുപ്പിന്റെ പൈലിങ്, കൽക്കെട്ട് പണികൾക്കായി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തതാണ് റോഡ് ഇടിയാൻ കാരണം. മണ്ണെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും കൽക്കെട്ട് പണി നടന്നതുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ റോഡ് വലിയ തോതിൽ ഇടിഞ്ഞ് ആറ്റിലേക്ക് പോവുകയായിരുന്നു. റോഡ് ഇടിഞ്ഞതോടെ ഇതുവഴിയുള്ള പ്രധാന കുടിവെള്ള പൈപ്പുപൊട്ടി പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളവിതരണം പൂർണമായും തടസപ്പെട്ടു. താൽക്കാലികമായി പൈപ്പ് ലൈൻ പുനസ്ഥാപിച്ചെങ്കിലും നേരിയ തോതിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്. ടിപ്പർ ഉൾപ്പെടെ വലിയ വാഹനങ്ങൾ പോയ റോഡിലൂടെ ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ എന്നിവക്ക് പോലും പോകാൻ കഴിയുന്നില്ല. രോഗികളടക്കമുള്ളവർക്ക് ആശുപത്രിയിലെത്താൻപോലും വാഹനം കിട്ടുന്നില്ല. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മാവേലിക്കര ഇറിഗേഷൻ സബ് ഡിവിഷൻ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും സ്ഥലം സന്ദർശിച്ചു.










0 comments