അർത്തുങ്കൽ പെരുന്നാളിന് കൊടിയേറി

അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാളിന് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ കൊടിയേറ്റുന്നു
സ്വന്തം ലേഖകൻ
ചേർത്തല
വിശ്വപ്രസിദ്ധ ദേവാലയം അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ മകരം പെരുന്നാളിന് കൊടിയേറി. ശനി രാവിലെ പാലായിൽനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആഘോഷമായി എത്തിച്ച പതാക ബസിലിക്ക റെക്‌ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിലും സഹവികാരിമാരും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇടവകജനതയും ചേർന്ന് സ്വീകരിച്ചു. വൈകിട്ട് നാലിന് തിരുനാൾ വിളംബര വെടിമുഴങ്ങി. തുടർന്ന് കടപ്പുറത്തെ കുരിശടിയിൽനിന്ന് വർണാഭമായ പതാകപ്രയാണം നടന്നു. വാദ്യമേളങ്ങളുടെയും വിശ്വാസികളുടെയും അകമ്പടിയോടെ ദേവാലയത്തിൽ എത്തി. രാത്രി ഏഴി-ന് പള്ളിമുറ്റം നിറഞ്ഞുകവിഞ്ഞ ജനാവലിയെ സാക്ഷികളാക്കി ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ കൊടിയേറ്റി. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് മെത്രാൻ മുഖ്യകാർമികനായി. മോൺ. ജോൺ ബോയ, ബസിലിക്ക റെക്‌ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, ആലപ്പുഴ രൂപത ചാൻസലർ ഫാ. ജൂഡ് കൊണ്ടപ്പശേരി തുടങ്ങിയവർ സഹകാർമികരായി. മന്ത്രി പി പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് അഭിനയ എന്നിവർ പങ്കെടുത്തു.










0 comments