Deshabhimani

ഏവൂർ ക്ഷേത്രം ലെവൽക്രോസ് 
അടച്ചുപൂട്ടാനൊരുങ്ങി റെയിൽവെ

railway gate

അടയ്ക്കുന്ന ലെവൽക്രോസുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഏവൂർ ക്ഷേത്രം ലെവൽക്രോസ്

വെബ് ഡെസ്ക്

Published on Oct 14, 2026, 12:16 AM | 1 min read

കാർത്തികപ്പള്ളി

ദേശീയപാതയിൽ നിന്ന് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡിലെ ലെവൽക്രോസ് അടച്ചുപൂട്ടാനുള്ള റെയിൽവെയുടെ നീക്കത്തിനെതിരെ നാട് പ്രതിഷേധത്തിലേക്ക്. തീരദേശ റെയിൽപാതയിലെ 11 ലെവൽക്രോസുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഏവൂർ ലെവൽക്രോസും ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രെയിനുകളുടെ വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് ലെവൽക്രോസുകൾ അടയ്ക്കുന്നതെന്നാണ് വിശദീകരണം. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര റോഡിലെ പ്രധാന പ്രവേശനമാർഗമാണ് അടയ്ക്കാനൊരുങ്ങുന്നത്. നാടിന്റെ സഞ്ചാരസൗകര്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. ദേശീയപാതയെയും ഏവൂർ- മുട്ടം റോഡിനെയും ബന്ധിപ്പിക്കുന്ന ഗതാഗത പ്രാധാന്യമുള്ള റോഡാണ് പാളം മറികടന്ന് പോകുന്നത്. ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട്, വിഷുദർശനം തുടങ്ങിയ വിശേഷദിനങ്ങളിൽ പതിനായിരക്കണക്കിന് ജനങ്ങൾ ക്ഷേത്രത്തിലെത്തുന്നത് ഈ ലെവൽക്രോസ് വഴിയാണ്. ക്ഷേത്രത്തിലെ ഒൻപതാം തിരുവുത്സവത്തോടനുബന്ധിച്ച് ചാങ്ങയിൽ നിന്നുള്ള കെട്ടുകാളയുടെ വരവും ഈ ലെവൽ ക്രോസ്‌ വഴിയാണ്. ഏവൂർ ക്ഷേത്രവും സമീപപ്രദേശങ്ങളിലെ രാമപുരം, പത്തിയൂർ ദേവീക്ഷേത്രങ്ങളും തമ്മിൽ അഭേദ്യമായ ആചാരബന്ധമുണ്ട്. ദേശീയപാത 66-ന്റെ പടിഞ്ഞാറുഭാഗത്തുള്ള രാമപുരം ദേവീക്ഷേത്രത്തിൽനിന്ന് വർഷത്തിലൊരിക്കൽ ഏവൂർ ക്ഷേത്രത്തിലെത്തി നടത്തുന്ന കൂടിയെഴുന്നള്ളത്തിനും ആയിരങ്ങളാണ്‌ പങ്കെടുക്കുന്നത്‌. ദേശീയപാത 66-ൽനിന്ന് ഏവൂർ ജങ്‌ഷൻ വഴി ചെട്ടികുളങ്ങരയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പ്രധാന യാത്രാമാർഗങ്ങളിൽ ഒന്നുകൂടിയാണിത്. ചേപ്പാട്, രാമപുരം പ്രദേശങ്ങളെയും കിഴക്കുഭാഗത്തുള്ള പത്തിയൂർ, മാവേലിക്കര, പന്തളം, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയും ഇതാണ്‌. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ ഏകപക്ഷീയ തീരുമാനം നടപ്പാക്കരുതെന്നും സുരക്ഷിതവും പ്രായോഗികവുമായ ബദൽ ഗതാഗതസംവിധാനങ്ങൾ പരിഗണിക്കണമെന്നും ഏവൂർ പൗരസംഘം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home