"ക്വാണ്ടം പൂച്ച' വടക്കൻ കേരളത്തിലേക്ക്

ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നടക്കുന്ന ക്വാണ്ടം എക്സിബിഷനിൽ ക്വാണ്ടം സയൻസിന്റെ വഴികാട്ടിയവരോട് കൂടിയിരിക്കുന്ന കുട്ടികൾ
ആലപ്പുഴ
ആലപ്പുഴയിൽ നിന്ന് ശാസ്‌ത്ര കൗതുക കാഴ്‌ചകളുമായി ക്വാണ്ടം പൂച്ച ഇനി മലബാറിലേക്ക്.കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ സംഘടിപ്പിച്ച ‘ക്വാണ്ടം സെഞ്ചുറി സയൻസ് എക-്‌സിബിഷൻ’സമാപിച്ചു. വടക്കൻ ജില്ലകളിലെ പ്രദർശനങ്ങൾക്ക് 26ന് കോഴിക്കോട് തുടക്കമാകും. 11ന് മന്ത്രി പി പ്രസാദാണ് ഉദ്‌ഘാടനം ചെയ്തത്. അഞ്ച് ദിവസത്തെ പ്രദർശനത്തിൽ ജില്ലയിലെ 70 സ്കൂളുകളിലെ വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്തു. ആലപ്പുഴ രൂപതാ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ പ്രദർശനം സന്ദർശിച്ചു. വെർച്വൽ റിയാലിറ്റി ഉപകരണത്തിന്റെ സഹായത്തോടെ സേൺ ലാബിലൂടെ പര്യടനം നടത്തിയും ഐൻസ്റ്റൈനിനും മേരി ക്യൂറിക്കുമൊപ്പം ഇരുന്ന് ഫോട്ടോ എടുത്തതിനും ശേഷമാണ് അദേഹം മടങ്ങിയത്. സ്മാർട്ട് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന മൂലകങ്ങൾ, ടച്ച് സ്ക്രീൻ സാധ്യമാക്കിയ മൂലകങ്ങൾ എന്നിവ മുതൽ നക്ഷത്രങ്ങളുടെ താപവ്യതിയാനവും നിറവും തമ്മിലുള്ള ബന്ധവും വിദൂരഗോളങ്ങളിലെ മൂലകങ്ങളെ തിരിച്ചറിയുന്നതും പ്രദർശനത്തിന്റെ ഭാഗമായിരുന്നു. നിത്യജീവിതത്തിലെ ക്വാണ്ടം സയൻസിന്റെ സാന്നിധ്യവും ആവർത്തനപ്പട്ടിക, ആറ്റംഘടന, ഓർബിറ്റൽ തിയറി, സബ് ആറ്റോമിക് പാർട്ടിക്കിളുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയും ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണ്ടക്ടിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്സിബിറ്റുകളും മോഡലുകളുമായി പ്രദർശനത്തിലുണ്ടായിരുന്നു.











0 comments