പ്രസംഗം റിപ്പോർട്ട് ചെയ്‌തതിന് കേസ്
പൊലീസിന്റേത് വിചിത്ര നടപടി

വാർത്ത റിപ്പോർട്ട് ചെയ്‍തതിന്റെ പേരിൽ മാധ്യമപ്രവർത്തകനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
ആലപ്പുഴ
പ്രസംഗം റിപ്പോർട്ട് ചെയ്‌തതിന് ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാന്റെ പരാതിയിൽ പൊലീസിന്റേത് കേട്ടുകേൾവിയില്ലാത്ത നടപടി. നെടുമ്പാശേരിയിൽ അപകടസ്ഥലത്തുനിന്ന് പ്രതികളെ പിടികൂടിയിട്ടും ഉടനെ എഫ്‌ഐആർ ഇടാനോ, എഫ്‌ഐആറിൽ പ്രതികളുടെ പേര് ഉൾപ്പെടുത്താനോ കഴിയാത്ത പൊലീസ് സേനയാണ് മാധ്യമപ്രവർത്തകനെ കേസിൽ കുടുക്കാൻ രാത്രിക്ക് രാത്രി 160ഓളം കിലോ മീറ്റർ സഞ്ചരിച്ച് തിരുവനന്തപുരത്തെത്തി ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. ക്രിമിനൽ അപകീർത്തിപ്പെടുത്തൽ, കലാപാഹ്വാനം, പൊതുസമാധാനം തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. റിപ്പോർട്ടർ ടിവിയുടെ ആലപ്പുഴ റിപ്പോർട്ടർ മനീഷ് മഹിപാലിനെതിരെയാണ് ഷാനിമോളുടെ സമ്മർദത്തിന് കീഴടങ്ങി അഭ്യന്തരവകുപ്പും പൊലീസും കേസെടുത്തത്. ക്രിമിനൽ അപകീർത്തിപ്പെടുത്തൽ പ്രകാരം കേസെടുക്കുന്നതിന് കോടതിയുടെ അനുമതി വേണമെന്നിരിക്കെയാണ് അത് മറികടന്ന് ക്രിമിനൽ അപകീർത്തിപ്പെടുത്തൽ ചേർത്തുകൊണ്ടുള്ള പൊലീസ് ഇടപെടൽ. ഇത് രാഷ്‌ട്രീയവൈരാഗ്യം തീർക്കാനും വിമർശം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെയടക്കം നിശബ്‌ദമാക്കാനും വേണ്ടിയാണെന്നാണ് ഉയരുന്ന വിമർശനം. വ്യാഴം പകൽ ഒന്നോടെയാണ് പ്രസംഗം റിപ്പോർട്ട് ചെയ്‌തത്. ഷാനിമോളുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വെള്ളി രാവിലെ 9.20 ഓടെ തിരുവനന്തപുരത്തെ ലെജിസ്‌ലേച്ചർ കോംപ്ലക്‌സിലെ ഒൗദ്യോഗിക വസതിയായ ‘സ്വാതി’യിലെത്തി മൊഴി രേഖപ്പെടുത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. വെള്ളി രാത്രി ഒമ്പതോടെ പൊലീസ് കേസെടുത്തു. നെടുമ്പാശേരിയിൽ മദ്യലഹരിയിൽ മിനികൂപ്പർ കാർ ഓടിച്ച് മൂന്നുപേരുടെ ജീവനെടുത്ത കേസിൽ യുവജനസംഘടന കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ഉയർന്നവിമർശം റിപ്പോർട്ട് ചെയ്‌തതാണ് ഷാനിമോളെ പ്രകോപിപ്പിച്ചത്. കെയുഡബ്ല്യുജെ പ്രതിഷേധിച്ചു മാധ്യമപ്രവർത്തകനെതിരെ അന്യായമായി കേസെടുത്തതിനെതിരെ പത്രപ്രവർത്തക യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗം പ്രസ്‌ക്ലബ് ട്രഷറർ സുരേഷ് തോട്ടപ്പള്ളി ഉദ്‌ഘാടനംചെയ്‌തു. എസ് സജിത്ത് അധ്യക്ഷനായി. ദേശാഭിമാനി ബ്യൂറോ ചീഫ് എസ് അഞ്ജുനാഥ്, ജനയുഗം ബ്യൂറോ ചീഫ് ഡാലിയ ജേക്കബ് എന്നിവർ സംസാരിച്ചു. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി.








0 comments