കുമാരപുരത്ത് കുടിവെള്ളക്ഷാമം രൂക്ഷം
ജല അതോറിറ്റി ഓഫീസിൽ ധർണയുമായി പഞ്ചായത്തംഗങ്ങൾ

കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജല അതോറിറ്റി ഓഫീസിൽ സിപിഐ എം പഞ്ചായത്തംഗങ്ങൾ ധർണ നടത്തുന്നു
ഹരിപ്പാട്
കുമാരപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ ജല അതോറിറ്റി ഹരിപ്പാട് ഓഫീസിൽ ധർണ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. 4, 13, 14, 15, വാർഡുകളിലാണ് പ്രതിസന്ധി. തോടുകളിൽ ഉപ്പുവെള്ളമായതിനാൽ കുളങ്ങൾ, കിണറുകൾ തുടങ്ങി സമാന്തര ജലസ്രോതസുകളൊന്നുമില്ലാത്തവസ്ഥയാണ്. ഭക്ഷണം പാകംചെയ്യാൻപോലും കാനുകളിൽ വെള്ളം വിലയ്‌ക്ക് വാങ്ങേണ്ടിവരുന്നു. മൂന്ന് മാസമായുള്ള ദുരിതം അധികൃതരെ അറിയിച്ചെങ്കിലും പരിഹാരമില്ലാതായതോടെയാണ് പ്രതിഷേധം ശക്‌തമായത്. ഉടൻ നടപടിയുണ്ടാകുമെന്ന് അസിസ്‌റ്റന്റ് എൻജിനിയർ നൽകിയ ഉറപ്പിൽ പ്രതിഷേധം താൽക്കാലികമായി അവസാനിച്ചു. പരിഹാരമായില്ലെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ച് തിങ്കളാഴ്‌ച ഓഫീസ് ഉപരോധിക്കുമെന്ന് സിപിഐ എം വ്യക്തമാക്കി. ലോക്കൽ സെക്രട്ടറിമാരായ ടി എം ഗോപിനാഥൻ, ആർ രതീഷ്, പഞ്ചായത്ത് അംഗങ്ങളായ പി സോണി, വനജ സുഗേഷ്, ബീന ഷാജി, ബിനു, എസ് ഗിരീഷ് എന്നിവർ സംസാരിച്ചു.










0 comments