ad
Deshabhimani

കാളകെട്ടുത്സവത്തിന് നാടൊരുങ്ങി

ആവേശത്തിമിർപ്പിൽ ഓണാട്ടുകര

onattukara

കുലശേഖരപുരം, കോട്ടയ്ക്കുപുറം, ഭഗവതി നഗർ കാളകെട്ട് സമിതി ഒരുക്കിയ കെട്ടുകാള

വെബ് ഡെസ്ക്

Published on Oct 01, 2025, 02:07 AM | 1 min read

കരുനാഗപ്പള്ളി

കാർഷിക പെരുമയുടെ സന്ദേശം ഉയർത്തി ഓണാട്ടുകരയുടെ ഒരുമയുടെ കാളകെട്ടുത്സവത്തിന് ദിവസങ്ങൾ മാത്രം. ഓച്ചിറ കാളകെട്ടുത്സവം 28–-ാം ഓണാഘോഷത്തിന്റെ ഭാഗമായാണ് നടക്കുന്നത്. വിവിധ കരകൾ കെട്ടുകാളുകളുമായി ഓച്ചിറ പടനിലത്തേക്ക് അന്നേദിവസം എത്തിച്ചേരുക. കർഷകരെ കൃഷിയിൽ സഹായിച്ച ഉരുക്കളുടെ ഓണമായ കന്നിയിലെ തിരുവോണ ദിവസം കാർഷിക പാരമ്പര്യത്തിന്റെ ആഘോഷമായാണ് കാളകെട്ടുത്സവം സംഘടിപ്പിച്ചു വരുന്നത്. കൃഷിയിൽ കർഷകരെ സഹായിച്ച കാളകൾ (ഉരുക്കൾ) സംരക്ഷിക്കപ്പെടണം എന്ന സന്ദേശവും വിശ്വാസവും ഇഴചേർന്ന ഉത്സവമാണിത്. കെട്ടുകാളകളെ കെട്ടിഒരുക്കുന്നതാണ് പ്രധാന ജോലി. ഇതിനായി കച്ചിയും കയറും ഉൾപ്പെടെയുള്ള വസ്തുക്കളെല്ലാം നേരത്തെ കൂട്ടി സംഘടിപ്പിക്കും. ആദ്യം കാള മുട്ടിൽ കെട്ടുകാളയുടെ നിർമാണത്തിനുള്ള പന്തൽ നിർമാണം. തുടർന്നു ചട്ടം കൂട്ടൽ, കോൽകെട്ട്, കച്ചികെട്ട്, വയ്ക്കോലിൽ കെട്ടുകാളയുടെ ഉരുപ്പുടി നിർമാണം, ചാക്ക് പൊതിയൽ, തുണി പൊതിയൽ, പട്ട് ഉടുപ്പിക്കൽ, ശിരസ് ഉറപ്പിക്കൽ, കുടമണി മാല അണിയിക്കൽ, വർണ കടലാസിൽ നിർമിച്ച വിവിധ അലങ്കാരങ്ങൾ അണിയിക്കൽ, നെറ്റിപ്പട്ടവും ജീവിതയും ആലവട്ടവും വെൺചാമരങ്ങളും മുത്തു കുടകളും അണിയിക്കൽ. നിറപറ സമർപ്പണം, മാല ചാർത്തൽ തുടങ്ങിയ ചടങ്ങുകൾക്കു ശേഷം കാളകൾ വിസ്മയ കാഴ്ചയായി അണിഞ്ഞൊരുങ്ങും. ​ ഒറ്റനോട്ടത്തിൽ കണ്ണുടക്കുന്ന കാളകളുടെ ശിരസുണ്ടാക്കുന്നത് പ്രധാനമായും നല്ല ഊറാവോ, ഏഴിലംപാലയോ കൊണ്ടാണ്. വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ പഞ്ചവർണങ്ങൾ‌ ഉപയോഗിച്ചാവും കാളത്തലകൾക്ക് നിറം പകരുക. മിക്ക കാളകെട്ട് സമിതികൾക്കും കാള ശിരസ്സുകൾ സ്വന്തമായുണ്ട്. ഇവ സ്ഥാപിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. വിവിധ കാളകെട്ട് സമിതികളിൽ ഇത്തവണത്തെ ശിരസുറപ്പിക്കൽ ഇന്ന് പൂർത്തിയാകും. ഓരോ കാളമുട്ടിലും മാസങ്ങൾ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 72 അടി ഉയരമുള്ള ‘കാല ഭൈരഭൻ ' ഉൾപ്പടെ കൂറ്റൻ കെട്ടുകാളകൾ മുതൽ ഉള്ളം കൈയ്യിൽ ഒതുങ്ങുന്ന കുള്ളൻമാർവരെ മൂന്നിന് ഉച്ചതിരിയുന്നതോടെ പടനിലത്തേക്കെത്തും. വനിതാ കാളകെട്ട് സമിതികളുടെ നേതൃത്വത്തിലും കെട്ടുകാളകൾ തയ്യാറാകുന്നുണ്ട്. 52 കരകളിൽ നിന്നായി 154 ഓളം കെട്ടുകാളകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home