മകയിരം ജന്മനക്ഷത്രം ആഘോഷിച്ചു

മന്ത്രി സജി ചെറിയാൻ ആശ്രമാധിപതി ദേവാനന്ദ ഗുരുദേവിനെ ആദരിക്കുന്നു
മാന്നാർ
ആത്മബോധോദയ സംഘത്തിന്റെ കേന്ദ്രസ്ഥാപനമായ ചെന്നിത്തല ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തിന്റെ മുന്‍ അധിപതി സദാനന്ദസിദ്ധ ഗുരുവിന്റെ 96–-ാമത് മകയിരം ജന്മനക്ഷത്രം വ്യാഴാഴ്‌ച ആശ്രമാങ്കണത്തിൽ ആഘോഷിച്ചു. രാവിലെ ഗുരുപൂജ, ഗുരുദക്ഷിണ, സമാധിമണ്ഡപങ്ങളില്‍ പുഷ്‌പാര്‍ച്ചന, ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേൽപ്പ്, അനുഗ്രഹപ്രഭാഷണം, സമൂഹസദ്യ എന്നിവ നടത്തി. മന്ത്രി സജി ചെറിയാന്‍ ആശ്രമത്തിലെത്തി ആശ്രമാധിപതി ദേവാനന്ദ ഗുരുവിനെ സന്ദർശിച്ചു. ആനന്ദാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജന്മനക്ഷത്ര സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനംചെയ്‌തു. ട്രസ്‌റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ അധ്യക്ഷനായി. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ, സ്വാമി ആനന്ദവനം ഭാരതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി ബിനുരാജ്, ട്രസ്‌റ്റി സ്വാമി വേദാനന്ദന്‍, അമൃതേശ്വരി ജയന്ത്കുമാര്‍, സുജി ഗോപാലകൃഷ്‌ണന്‍, അഡ്വ. പി കെ വിജയപ്രസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് നാഗസ്വരസേവ, ശ്രീശുഭാനന്ദ ഭക്തിഗാനസുധ എന്നിവയും ഉണ്ടായി. വെള്ളി രാവിലെ ആറിന് സദാനന്ദസിദ്ധ ഗുരുദേവന്റെ 80–-ാമത് ജന്മനക്ഷത്രത്തോടനുബന്ധിച്ച് നടപ്പാക്കിയ വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതി സഹായം വിതരണംചെയ്യും.










0 comments