ad
Deshabhimani

പ്ലസ്‌ടു നേടാൻ 75–-ാം വയസിൽ ലീന

നടി ലീന ആന്റണി ചേര്‍ത്തല ഗവ. ഗേള്‍സ് സ്‌കൂളില്‍ ഹയര്‍സെക്കൻഡറി 
രണ്ടാംവര്‍ഷ തുല്യതാ പരീക്ഷയെഴുതുന്നു
വെബ് ഡെസ്ക്

Published on Jul 11, 2025, 02:34 AM | 1 min read


സ്വന്തം ലേഖകൻ

ചേർത്തല

വാർധക്യത്തിലും പഠനത്തെ നെഞ്ചേറ്റുന്ന നടി ലീന ആന്റണി ഹയർസെക്കൻഡറി തുല്യത പരീക്ഷയെഴുതി. 63 വർഷംമുമ്പ്‌ മുടങ്ങിയ പഠനം നാല്‌ വർഷംമുമ്പാണ്‌ സാക്ഷരതാ മിഷനിലൂടെ പുനരാരംഭിച്ചത്‌. 2022-ൽ പത്താംതരം തുല്യതാ പരീക്ഷ വിജയിച്ചു. ഇത്തവണ 75–-ാം വയസിൽ ഹയർസെക്കൻഡറി പരീക്ഷയെഴതി.ആദ്യവർഷ പരീക്ഷ വിജയിച്ചാണ് മലയാള സിനിമയിലെ അമ്മച്ചി അന്തിമപരീക്ഷ എഴുതിയത്. മലയാളം പരീക്ഷ നൽകിയ ആത്മവിശ്വാസവുമായാണ്‌ ഇതര വിഷയങ്ങളെ സമീപിക്കുന്നത്‌. ചേർത്തല ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളാണ്‌ പരീക്ഷാകേന്ദ്രം. ലഭ്യമായ സമയം തൃച്ചാറ്റുകുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് പഠിച്ചത്. പത്താംതരത്തിൽ ഉണ്ടായിരുന്ന കൂട്ടുകാർക്ക്‌ ഒപ്പമായിരുന്നു പഠനം. സെന്റർ കോ–-ഓർഡിനേറ്റർ കെ കെ രമണിയാണ് ക്ലാസ്‌ നയിച്ച്‌ പരീക്ഷയ്‌ക്ക്‌ സഹായം നൽകുന്നത്. അച്ഛൻ മരിച്ചതോടെ പഠനം നിർത്തി 13–-ാം വയസിൽ നാടകവേദിയിൽ എത്തിയതാണ് ലീന. നാടകാഭിനയം അക്കാലത്ത്‌ ജീവിതമാർഗമായി. നടനും നാടകകൃത്തുമായിരുന്ന കെ എൽ ആന്റണിയായിരുന്നു ജീവിതപങ്കാളി. അടുത്തിടെ മഹേഷിന്റെ പ്രതികാരം ചിത്രത്തിൽ അമ്മവേഷം അണിഞ്ഞ്‌ ശ്രദ്ധേയായി. ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെടലായതോടെയാണ് പഠനം പുനരാരംഭിച്ചത്. മകൻ ലാസർ ഷൈനിന്റെ ഭാര്യ അഡ്വ. മായ കൃഷ്‌ണനാണ് തുല്യതാ പരീക്ഷയെന്ന ആശയം പകർന്നത്‌. രണ്ടാംവർഷത്തിൽ 15 പേരും ഒന്നാംവർഷത്തിൽ 37 പേരുമാണ് സെന്ററിൽ പരീക്ഷയെഴുതുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home