യുവജനോത്സവത്തിന് തിരികൊളുത്തി തൊഴിലാളി താരങ്ങൾ

എംഎസ്എം കോളേജ് യൂണിയൻ യുവജനോത്സവം കോളേജിലെ തൊഴിലാളികളായ അലിയാരുകുഞ്ഞ്, ഷിബു, ഗോപി, ശോഭ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കായംകുളം
എംഎസ്എം കോളേജിലെ യുവജനോത്സവം ‘മനിതർ’ ഉദ്‌ഘാടനംചെയ്യാൻ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ അലിയാരുകുഞ്ഞും ഷിബുവും ഗോപിയും ശോഭയുമെല്ലാം അഭിമാനബോധത്തിലും സന്തോഷത്താലും സദസിനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഉദ്ഘാടനത്തിനായി കോളേജിലെ തൊഴിലാളികളെ തെരഞ്ഞെടുത്ത യൂണിയൻ തീരുമാനത്തിന് വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും ലഭിച്ചത് വലിയ കൈയടി. ആർട്സ് ക്ലബ് സിനിമ നടൻ ചന്തു സലിം ഉദ്ഘാടനംചെയ്തു. യൂണിയൻ ചെയർമാൻ അഭിജിത് എസ് ബാബു അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.മുഹമ്മദ് താഹാ, വൈസ് പ്രിൻസിപ്പൽ ഡോ.കെ എച്ച് സമീർ, കേരള സര്‍വകലാശാല സിൻഡിക്കറ്റംഗം ഡോ.ടി ആർ മനോജ്, യുയുസി എസ് ഹരികൃഷ്ണൻ, ആർട്സ് ക്ലബ് സെക്രട്ടറി ടി തൗഫീഖ്, അൻവർ ഹുസൈൻ, ഗ്രിഷാ ആനന്ദ്, ഡോ.ജി ജ്യോതി, ലിയാന്റോ റോബർട്ട് എന്നിവർ സംസാരിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും നൃത്തപരിപാടികളോടുകൂടി മൂന്നുദിവസംനീണ്ട യുവജനോത്സവം സമാപിച്ചു.










0 comments