ഫൈൻ ആർട്സ് കോളേജിൽ കെട്ടിടത്തിന് കല്ലിട്ടു

സംസ്ഥാന സർക്കാർ 2.98 കോടി ചെലവഴിച്ച് മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്സ് കോളേജിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സമഗ്ര മേഖലകളിലും മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും വഴികൾ ഇടത് സർക്കാർ തുറന്നിട്ടെന്ന് മന്ത്രി ആർ ബിന്ദു. മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്സ് കോളേജിൽ പുതിയ കെട്ടിടനിർമാണം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സമഗ്ര പരിഷ്കരണത്തിലൂടെ കലാ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. സിലബസുകൾ കാലഘട്ടത്തിനനുസരിച്ച് പരിഷ്കരിക്കപ്പെടണം. ക്ലാസ് മുറികളിലേക്ക് അവ എത്തിച്ചേരണമെന്നും മന്ത്രി പറഞ്ഞു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച 2.98 കോടിരൂപ വിനിയോഗിച്ചാണ് കെട്ടിട നിർമാണം. ഒന്നും രണ്ടും നിലകളിൽ 520 ചതുരശ്രമീറ്റർ വീതവും മൂന്നാം നിലയിൽ 491 ചതുരശ്ര മീറ്ററും നാലാം നിലയിൽ ഷീറ്റ് റൂഫിങ്ങോടെ 491 ചതുരശ്ര മീറ്ററും ഉൾപ്പെടുത്തി ആകെ 2022 ചതുരശ്രമീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്. മൂന്ന് നിലകളിലായി ആറ് സ്റ്റുഡിയോകൾ, ശൗചാലയങ്ങളോടു കൂടിയ മൂന്ന് സ്റ്റാഫ് മുറികൾ, വരാന്ത എന്നിവയുണ്ടാകും. നാല് നിലകൾക്കുളള അടിത്തറ നൽകി ഭാവിയിൽ വിപുലീകരണം സാധ്യമാകുന്ന നിലയിലാണ് അടിത്തറ നിർമിക്കുന്നത്. എം എസ് അരുൺകുമാര്‍ എംഎൽഎയുടെ നിരന്തര ഇടപെടലാണ് പദ്ധതി വേഗത്തിലാക്കിയത്. പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിങ് എൻജിനീയർ പി ഇന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ ആർ രാജേഷ്, നഗരസഭാധ്യക്ഷൻ നൈനാൻ സി കുറ്റിശ്ശേരിൽ, സുജാത ദേവി, കെ രഘു, എൻ ബാലമുരളികൃഷ്ണ, ഡി തുളസീദാസ്, എം ഡി ശ്രീകുമാർ, കെ സി ഡാനിയേൽ, ജേക്കബ് ഉമ്മൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മനോജ് വൈലൂർ സ്വാഗതവും അപ്ലൈഡ് ആർട്സ് മേധാവി വി എം ബിനോയ് നന്ദിയും പറഞ്ഞു.









0 comments