പ്രേരകിന് പഞ്ചായത്ത് നിഷേധിച്ചത് 2 വർഷത്തെ ശന്പളം
ഒടുവിൽ ഒന്നിച്ച് കൈവന്നു; ജീവശ്വാസമായത് ഇടതുപക്ഷം

ജി അനിൽ
കാർത്തികപ്പള്ളി
ചിങ്ങോലി പഞ്ചായത്തിൽ രണ്ടുവർഷം നിഷേധിച്ച വേതനം ഇടതുപക്ഷ ജനപ്രതിനിധികളുടെ ഇടപെടലിൽ സാക്ഷരതാ പ്രേരകിന് ലഭിച്ചു. സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി തടഞ്ഞുവച്ച ശമ്പളമാണ് നേടിയെടുത്തത്. ചിങ്ങോലിയിലെ പ്രേരകായ കൃഷ്‌ണകുമാറിനാണ് യുഡിഎഫ് ഭരണസമിതികളുടെയും സെക്രട്ടറിമാരുടെയും നിഷേധ നിലപാടിൽ ശന്പളം കിട്ടാതിരുന്നത്. 24 മാസവും ഉപജീവനത്തിനുള്ള പണംപോലും നൽകിയില്ലെന്ന് കൃഷ്‌ണകുമാർ പറയുന്നു. 2024 ഏപ്രിൽ 12ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് (743/ 2024/എൽഎസ്‌ജിഡി) പ്രേരക്‌മാരെ തദ്ദേശസ്വയംഭരണവകുപ്പിലേക്ക് പുനർവിന്യസിച്ചത്. അവരുടെ പ്രവർത്തനങ്ങളുടെ മാർഗരേഖയും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പ്രതിമാസ തുകയിൽ 60 ശതമാനം തനതുഫണ്ടിൽനിന്നും 40 ശതമാനം സക്ഷരതാമിഷനിൽനിന്നുമാണ് വിതരണംചെയ്യേണ്ടത്. എല്ലാമാസവും ശമ്പളം തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽനിന്ന് നൽകണമെന്നും 40 ശതമാനം തുക സാക്ഷരതാ മിഷനിൽ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകി വാങ്ങിയെടുക്കണമെന്നുമാണ് ഉത്തരവ്. ഇത് നിലനിൽക്കുമ്പോഴാണ് ശമ്പളം തടഞ്ഞുവച്ചത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഇടതുജനപ്രതിനിധികൾ ഇടപെട്ടതോടെ 60 ശതമാനം കൊടുക്കാമെന്നായി സെക്രട്ടറി. മുഴുവൻ തുകയും നൽകണമെന്ന നിലപാട് പഞ്ചായത്ത് കമ്മിറ്റിയിൽ ഇടതുജനപ്രതിനിധികൾ സ്വീകരിച്ചതോടെയാണ് 24 മാസത്തെ ശമ്പളമായ 2,93, 000 രൂപ നൽകാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായത്. വ്യക്തമായ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും ഒരാൾക്ക് പ്രതിമാസം ജീവിക്കാനുള്ള പണം നൽകാതെ ശമ്പളം തടഞ്ഞുവച്ചത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും മുഴുവൻ തുകയും ലഭിക്കാൻ പോരാടിയത് അതിനാലാണെന്നും ഇടതുജനപ്രതിനിധികൾ പറഞ്ഞു.










0 comments