കിഫ്ബിക്ക് മരണമണി
കുട്ടനാട് താലൂക്കാശുപത്രി നിർമാണം അവതാളത്തിൽ

കുട്ടനാട് താലൂക്കാശുപത്രി രൂപരേഖ
മങ്കൊമ്പ്
കിഫ്ബിയിൽനിന്ന് സർക്കാർ പിൻവാങ്ങിയതോടെ കുട്ടനാട് താലൂക്കാശുപത്രി നിർമാണം അവതാളത്തിൽ. കുട്ടനാട് നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുളിങ്കുന്നിലെ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ നിർമാണത്തിനായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഫണ്ട് അനുവദിച്ചത്. ഇതു പ്രകാരം ആറ് നിലകളുള്ള 10,275 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആശുപത്രി നിർമിക്കുന്നതിനായി 106.43 കോടി രൂപയുടെ അനുമതി കിഫ്ബിയിൽ നിന്ന് ലഭിച്ചിരുന്നു.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതൽ വിവിധ തടസ്സങ്ങൾ ഉണ്ടായി. ഇതെല്ലാം പരിഹരിച്ചാണ് കഴിഞ്ഞ മാർച്ചിൽ ടെൻഡർ ക്ഷണിച്ചത്. എന്നാൽ പങ്കെടുത്തത് ഒരു കമ്പനി മാത്രം. ഉയർന്ന തുകയായതിനാൽ ടെൻഡർ അംഗീകരിച്ചില്ല. ഇനി വീണ്ടും ടെൻഡർ ക്ഷണിക്കണം. ഇതിനായി കിഫ്ബി ടെക്നിനിക്കൽ കമ്മിറ്റിക്ക് നിർദേശം നൽകി. എന്നാൽ ടെക്നിക്കൽ കമ്മിറ്റി ഇത് തള്ളി. കിഫ്ബി പദ്ധതി തന്നെ വേണ്ടെന്ന് യുഡിഎഫ് സർക്കാർ തീരുമാനിച്ചതോടെ ആശുപത്രി നിർമാണം അവതാളത്തിലായി.
2018ലെ പ്രളയത്തിൽ മുഴുവനായി മുങ്ങിയ ആശുപത്രി സന്ദർശിച്ച അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണ് ആശുപത്രി നിർമിക്കാൻ 150 കോടി രൂപ കിഫ്ബിയിൽ പ്രഖ്യാപിച്ചത്. തുടർ നടത്തിപ്പിനായി ഇൻകലിനെ ചുമതലപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്ക് നേരിട്ട് റോഡ് സൗകര്യമില്ലാതിരുന്നതിനാൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ പണം സമാഹരിച്ചാണ് റോഡിനായി സ്വകാര്യ വ്യക്തികളിൽനിന്ന് സ്ഥലം വാങ്ങിയത്. പിന്നീട് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ ചെലവഴിച്ചു റോഡ് നിർമാണവും തുടങ്ങി. എന്നാൽ ആശുപത്രി നിർമാണം മുടങ്ങിയാൽ ഇതെല്ലാം വെറുതെയാകും.








0 comments