കെ ആർ പാലം റോഡ് നിർമാണം ആരംഭിച്ചു

കുട്ടമംഗലം കെ ആർ പാലം റോഡ് നിർമാണം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
തകഴി
കുട്ടനാട് മണ്ഡലത്തിലെ കൈനകരി പഞ്ചായത്ത് മൂന്നാം വാർഡിൽ കുട്ടമംഗലം എസ്എൻഡിപി സ്കൂൾ മുതൽ കെ ആർ പാലം വരെയുള്ള ഭാഗത്ത് ഹാർബർ എൻജിനിയറിങ് വിഭാഗം നിർമിക്കുന്ന അത്യാധുനിക നിലവാരത്തിലുള്ള കോൺക്രീറ്റ് റോഡിന്റെ നിർമാണം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. 1,83,10,000 ചെലവഴിച്ച് 930 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് നിർമാണം. മുൻ പഞ്ചായത്ത് ഭരണസമിതിയുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ആവശ്യപ്രകാരം മന്ത്രി സജി ചെറിയാൻ നൽകിയ നിർദേശത്തെത്തുടർന്നാണ് പദ്ധതിക്കായി വൻതുക അനുവദിച്ചത്. വെള്ളപ്പൊക്ക സാധ്യതയും പ്രദേശത്തെ ഭൂപ്രകൃതിയും പരിഗണിച്ചാകും നിർമാണം. ജിയോ ടെക്സ്റ്റൈൽ മെംബ്രേൻ വിരിച്ച സംരക്ഷണ ഭിത്തികൾ നിർമിക്കും. ശരാശരി 15 സെന്റിമീറ്റർ കനത്തിൽ ജിഎസ്ബി മെറ്റീരിയലും 10 സെന്റിമീറ്റർ വീതമുള്ള രണ്ട് ലേയർ കോൺക്രീറ്റും ഉപയോഗിച്ചാണ് റോഡിന്റെ ഉപരിതലം ഉറപ്പിക്കുന്നത്. കൂടാതെ യാത്രക്കാരുടെ സുരക്ഷയ്ക്കായി റോഡിന്റെ ഇരുവശങ്ങളിലും ഗാർഡ് സ്റ്റോണുകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി ധന്യ അധ്യക്ഷയായി. വാർഡ് അംഗം കെ എ പ്രമോദ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ രാഹുൽ, ബ്ലോക്ക് അംഗം എസ് സുധിമോൻ, സിപിഐ എം തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, സിപിഐ എം കൈനകരി വടക്ക് ലോക്കൽ സെക്രട്ടറി പി രതീശൻ, സിപിഐ മണ്ഡലം കമ്മറ്റി അംഗം പി വി സുനോസ്, എ ആർ മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.










0 comments