അർത്തുങ്കൽ ജനസാഗരമായി

മകരം തിരുനാളിനോട് അനുബന്ധിച്ച് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസുരൂപം വഹിച്ച് നടന്ന പ്രദക്ഷിണം
ചേർത്തല
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാൾ മഹോത്സവം ചൊവ്വാഴ്‌ച ആഘോഷിച്ചു. പുഷ്‌പാലംകൃത പേടകത്തിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ രൂപവും വഹിച്ചുള്ള തിരുനാൾ പ്രദക്ഷിണത്തിൽ പതിനായിരങ്ങൾ അണിചേർന്നു. വൈകിട്ട് പള്ളിയിൽനിന്ന് പുറപ്പെട്ട പ്രദക്ഷിണം കടലോരത്തെ കുരിശടിവരെ സഞ്ചരിച്ചാണ് തിരിച്ചെത്തിയത്. ചെണ്ട ഉൾപ്പെടെ വാദ്യമേളങ്ങളും മുത്തുക്കുടകളേന്തിയ വിശ്വാസികളും അണിനിരന്ന പ്രദക്ഷിണം രണ്ട് മണിക്കൂറെടുത്താണ് പൂർത്തിയായത്. ബസിലിക്ക റെക്‌ടർ ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിലും സഹവൈദികരും പ്രദക്ഷിണം നയിച്ചു. രാവിലെ 5.30ന് തുടങ്ങിയ വൈദിക ചടങ്ങുകൾ രാത്രി 10വരെ നീണ്ടു. പകൽ 11ന് തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യകാർമികനായി. ബുധനാഴ്‌ച ധന്യ മദർ ഫെർണാണ്ട റിവ അനുസ്‌മരണദിനം ആചരിക്കും. രാവിലെ 5.30നും രാത്രി 10നും ഇടയിൽ ഒന്പതുനേരം ദിവ്യബലിയുണ്ടാകും.










0 comments