കലവറ നിറച്ച് കലവൂരിന്റെ സ്‌നേഹം

മാരാരിക്കുളം
കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സദ്യയൊരുക്കാൻ കലവറ നിറയെ വിഭവങ്ങൾ സമ്മാനിച്ച് കലവൂരിലെ വ്യാപാരികൾ. വിഭവ സമാഹരണത്തിന്റെ ഭാഗമാകണമെന്ന് സംഘാടകസമിതി വ്യാപാരികളോട് അഭ്യർഥിച്ചിച്ചിരുന്നു. ഇതോടെയാണ് അരി, വെളിച്ചെണ്ണ, ധാന്യപ്പൊടികൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ എന്നിവ വ്യാപാരികൾ കൈമാറിയത്. ഇവ സൂക്ഷിക്കുന്നതിന് കലവൂർ സ്കൂളിൽ പ്രത്യേക കലവറയും തയ്യാറാക്കിയിട്ടുണ്ട്. വ്യാപാരികളെ കൂടാതെ പൊതുജനങ്ങളും വിഭവസമാഹരണത്തിൽ പങ്കാളികളായി. താത്‌പര്യമുള്ളവർക്ക് രാവിലെമുതൽ കലവൂർ സ്കൂളിലെത്തി വിഭവങ്ങൾ എത്തിക്കാം. പ്രവേശനോത്സവ ദിനത്തിൽ 3000 പേർക്കാണ് സദ്യ ഒരുക്കുന്നത്. കലവൂർ പറത്തറ സ്റ്റോഴ്സിൽനിന്ന് അരി ഏറ്റുവാങ്ങി പി പി ചിത്തരഞ്ജൻ എംഎൽഎ വിഭവസമാഹരണം ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്ത്കുമാർ, വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, മറ്റ് ജനപ്രതിനിധികൾ, എസ്‌എസ്‌കെ ജില്ലാ കോ–-ഓർഡിനേറ്റർ എം എസ് വിനോദ്, പിടിഎ പ്രസിഡന്റ് വി വി മോഹൻദാസ്, സ്കൂൾ പ്രിൻസിപ്പൽ എൻ മഞ്ജു, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.










0 comments