ലോക പരിസ്ഥിതിദിനം
ജില്ലയിൽ അരലക്ഷം തൈ നടും

കൊച്ചി
ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ 50,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. വനംവകുപ്പിന്റെ നേതൃത്വത്തിൽ നാവികസേനയുടെ സഹകരണത്തോടെ നേവൽബേസ് പരിസരത്ത് 1,500 തൈകൾ നടും.
പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിൽ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നയിക്കുന്ന പരിസ്ഥിതി സംവാദവും പെരുമ്പാവൂർ ഗവ. ഹയർസെക്കന്‍ഡറി സ്കൂളിൽ ക്വിസ് മത്സരവും കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിൽ ഫോറസ്ട്രി ക്ലബ് രൂപീകരണവും സംഘടിപ്പിക്കും.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കലക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് പ്രതിനിധികളുടെ അവലോകനയോഗം ചേർന്നു. പ്രവർത്തനങ്ങൾ 10 ദിവസം നീളുന്ന ജനകീയ ക്യാമ്പയിനായി മാറ്റാൻ കലക്ടർ നിർദേശിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റ് മേഖലയിൽ കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ ‘ഗ്രീൻ ബെൽറ്റ്' നിർമിക്കാനുള്ള സാധ്യതകൾ ആരായാൻ ഹരിതകേരളം മിഷനോട് കലക്ടർ ആവശ്യപ്പെട്ടു.








0 comments