കളമശേരിയിൽ വരുന്നു വർക് നിയർ ഹോം സൗകര്യം

കളമശേരി
കളമശേരിയിൽ വർക് നിയർ ഹോം സൗകര്യം ഒരുക്കാൻ 2.42 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി സാമ്പത്തികാനുമതി നൽകി. കഴിഞ്ഞവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചതുപ്രകാരം ഒരുലക്ഷം വർക് സീറ്റുകൾ ഒരുക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ് കളമശേരിയിൽ സംവിധാനം സ്ഥാപിക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കളമശേരി അസാപ്പ് ഓഫീസിനോടനുബന്ധിച്ചാണ് പുതിയ സൗകര്യം ഒരുക്കുക. 172 വർക് സീറ്റുകൾ ഇവിടെയുണ്ടാകും.
ഐടി, ഐടിഅനുബന്ധ മേഖലകളിലുള്ളവർക്ക് സൗകര്യപ്രദമായ തൊഴിൽസംവിധാനം ഒരുക്കുന്നതിനൊപ്പം വിദേശകമ്പനികളെയും ജീവനക്കാരെയും ആകർഷിക്കാനും ഇതിലൂടെ കഴിയും. ഐടി അനുബന്ധ മേഖലകളിലെ റിമോട്ട് ജോലികൾ, വിദൂര ഗിഗ് വർക്കുകളിൽ ഏർപ്പെടുന്നവർക്കുള്ള ജോലികൾ എന്നിവ നിർവഹിക്കുന്നതിനുള്ള സൗകര്യം ഈ കേന്ദ്രത്തിലുണ്ടാകും. 10 തദ്ദേശസ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ.
പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസ്, കോ–-വര്‍ക്കിങ് സ്‌പേസ്, കോണ്‍ഫറന്‍സ് റൂം, ട്രെയിനിങ് റൂം, കോഫി ലോഞ്ച്, റസ്റ്റോറന്റ്, ഇന്റര്‍നെറ്റ് സൗകര്യം, എസി, വീഡിയോ/ ഓഡിയോ കോണ്‍ഫറന്‍സ് സംവിധാനം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുരക്ഷാസംവിധാനം എന്നിവ ഉള്‍പ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.









0 comments