വൈറസ് ബാധ ; ചെമ്മീനും ഞണ്ടും ചത്തുപൊങ്ങുന്നു

പറവൂർ
വൈറസ് ബാധയെ തുടർന്ന് ചെമ്മീനുകളും ഞണ്ടുകളും ചത്തൊടുങ്ങുന്നു. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ചെമ്മീൻകെട്ടുകളിൽ പ്രതിസന്ധി രൂക്ഷമാണ്. എറണാകുളം ജില്ലയിലെ ചെമ്മീൻകെട്ടുകളിലാണ് വെള്ളക്കുത്ത് രോഗബാധ ഉണ്ടായിരിക്കുന്നത്.
ചെമ്മീനുകളുടെ തലയിൽ വെള്ളകുത്തുകളുണ്ടാകുന്നതാണ് രോഗലക്ഷണം. ധാരാളം ചെമ്മീൻ കിട്ടിയിരുന്ന പ്രധാന വലവയ്‌പ്പ് തക്കങ്ങളായ പൂയത്തക്കത്തിലും ശിവരാത്രി തക്കത്തിലും തീരെ കുറഞ്ഞ അളവിൽമാത്രമാണ് കാര, നാരൻ ചെമ്മീനുകൾ കർഷകർക്ക് ലഭിച്ചത്. വൈറസ് ബാധയെത്തുടർന്ന് ചെമ്മീനുകളും ഞണ്ടുകളും ചാകുന്നതാണ് ലഭ്യത കുറയാൻ കാരണം. തുടർച്ചയായ വർഷങ്ങളിലുണ്ടാകുന്ന സാമ്പത്തികനഷ്ടം കർഷകരെ കടക്കെണിയിലാക്കുന്നു. ഈ സ്ഥിതി തരണംചെയ്യാൻ പല കർഷകരും വീണ്ടും ചെമ്മീൻകുഞ്ഞുങ്ങളെ കെട്ടുകളിൽ വാങ്ങിയിട്ടിരിക്കുകയാണ്. ഇവ വളർച്ചയെത്താൻ മൂന്നുമാസം സമയം വേണം. എന്നാൽ, ചെമ്മീൻകെട്ടുകളുടെ കാലാവധി തീരാൻ രണ്ടുമാസമേ ബാക്കിയുള്ളൂ.
കെട്ടുകളുടെ കാലാവധി ഒരുമാസം കൂടി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ (കാഫ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ എക്സ് സെബാസ്‌റ്റ്യൻ ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി.










0 comments