യുഡിഎഫ് വന്നു; നഗരം നാറിത്തുടങ്ങി

ഫോർട്ട്‌കൊച്ചി കടപ്പുറത്തെ മാലിന്യക്കൂന്പാരം
സ്വന്തംലേഖിക
Published on Feb 08, 2026, 02:30 AM | 1 min read
മട്ടാഞ്ചേരി
യുഡിഎഫ് ഭരണസമിതി അധികാരത്തിൽ എത്തിയതോടെ കൊച്ചി നഗരം നാറിത്തുടങ്ങി. പദവികൾചൊല്ലിയുള്ള വീതംവയ്‌പ്പിന്റെയും തമ്മിലടിയുടെയും കെട്ടകഥകളാണ് ആദ്യം പുറത്തുവന്നതെങ്കിൽ ഭരണസമിതിയുടെ മാലിന്യനീക്കത്തിലെ അലംഭാവവും ഗുരുതരവീഴ്‌ചയും കൊച്ചിയെ ഏറ്റവും വൃത്തികെട്ട നഗരമാക്കുന്നു.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്‌കൊച്ചി കടപ്പുറത്തുൾപ്പെടെ സന്ദർശകരെ വരവേൽക്കുന്നത് മാലിന്യക്കൂമ്പാരങ്ങളും അഴുക്കുവെള്ളവും ദുര്‍ഗന്ധവും കൊതുകിന്റെ വൻപടയുമാണ്. പ്രവേശന കവാടത്തിൽത്തന്നെ മാലിന്യക്കൂമ്പാരം, ദുർഗന്ധം നിറഞ്ഞ മലിനജലം, വള്ളങ്ങളിൽനിന്ന് ഉപേക്ഷിച്ച വലകൾ, മത്സ്യാവശിഷ്ടങ്ങൾ, ചവറുമാലിന്യങ്ങളുമെല്ലാം പതിവുകാഴ്‌ചകളായി. ശുചിമുറിമാലിന്യംമുതൽ ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചി, പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാമുണ്ട്. മൂക്കുപൊത്താതെ നിൽക്കാനാകില്ല. ഗുരുതര ആരോഗ്യഭീഷണിയും ഇത് ഉയർത്തുന്നു. കൊതുകുൾ പെരുകുന്നു. വിവിധ രോഗങ്ങളുടെ പ്രഭവകേന്ദ്രം കൂടിയാകുകയാണ്.
മാലിന്യം നീക്കി നഗരം വൃത്തിയായി സൂക്ഷിക്കേണ്ട കോർപറേഷൻ ഭരണാധികാരികൾ നിസ്സംഗതയിലാണ്. ഫോർട്ട്‌കൊച്ചിയിൽ മാത്രമല്ല, നഗരത്തിലെ വിവിധ സ്ഥലങ്ങളും ഇതേ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. റോഡരികുകളിലെ മാലിന്യക്കൂന്പാരം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി. പ്രതിഷേധം ഉയർന്നതോടെ പിടിപ്പുകേടും ചീത്തപ്പേരും ഒഴിവാക്കാൻ മാലിന്യശേഖരണ പോയിന്റുകൾ ജനശ്രദ്ധ കിട്ടാത്ത ഇടങ്ങളിലേക്ക് മാറ്റി തടിതപ്പാനാണ് കോർപറേഷൻ ശ്രമിച്ചത്.










0 comments