Deshabhimani

പ്രിൻസിപ്പലിനെതിരെ 
 കരി ഓയിൽ ആക്രമണം ; പൊലീസില്‍ പരാതി , കർശന നടപടിയെന്ന് മാനേജ്‌മെന്റ്

u c college
വെബ് ഡെസ്ക്

Published on Feb 28, 2026, 12:01 AM | 1 min read


ആലുവ

ആലുവ യുസി കോളേജില്‍ പ്രിൻസിപ്പലിനുനേരെ കരി ഓയില്‍ പ്രയോഗിച്ച കെഎസ്‌യുക്കാർ ഉൾപ്പെടെയുള്ള അക്രമിസംഘത്തിനെതിരെ എറണാകുളം റൂറൽ എസ്‌പിക്ക്‌ കോളേജ്‌ മാനേജ്‌മെന്റ്‌ പരാതി നൽകി. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് മാനേജര്‍ ഡോ. കെ പി ഔസേപ്പ്, പ്രിന്‍സിപ്പൽ ഡോ. മിനി ആലീസ് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികൾക്കുപുറമെ, കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ മിവ ജോളിയുടെ നേതൃത്വത്തിൽ ക്യാമ്പസിന് പുറത്തുള്ളവരും അക്രമിസംഘത്തിൽ ഉണ്ടായിരുന്നു.


കോളേജിലെ വിദ്യാർഥിയല്ലാത്ത, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന്‌ മാനേജരും പ്രിൻസിപ്പലും പറഞ്ഞു. ഗസൽ നൈറ്റ്‌ പരിപാടിയുമായി ബന്ധപ്പെട്ട്‌ കോളേജിലെ വിഎംഎ ഹാളിന്റെ പൂട്ട് തല്ലിപ്പൊളിച്ച് രാത്രി മുഴുവൻ തങ്ങിയതിനാണ്‌ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കിയത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ഇവർ സമാനമായ അച്ചടക്കലംഘനം നടത്തിയത്. ഗസല്‍ നൈറ്റ് പരിപാടി രാത്രി വൈകിയും നീണ്ടപ്പോള്‍ പൊലീസിന്റെ ഇടപെടലോടെയാണ്‌ കോളേജ് അധികൃതർ അവസാനിപ്പിച്ചത്‌. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി. നാടകോത്സവത്തിനുവേണ്ടി വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടീസ് നടത്തണമെന്ന് അറിയിച്ചെങ്കിലും സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെയാണ് ഹാൾ തല്ലിപ്പൊളിച്ചത്. കുറ്റക്കാരെ സസ്‌പെൻഡ്‌ ചെയ്യുകയും സ്റ്റാഫ് കൗണ്‍സില്‍ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധിത ടിസി നല്‍കുകയുമായിരുന്നുവെന്നും മാനേജ്‌മെന്റ് പറഞ്ഞു.


കോളേജിലെ സമാധാന അന്തരീക്ഷവും അച്ചടക്കവും തകരുന്ന സാഹചര്യം ഉണ്ടായതിനാലാണ് നടപടി എടുത്തതെന്ന് മാനേജ്മെന്റ്‌ പറഞ്ഞു. വാർത്താസമ്മേളനത്തില്‍ പിടിഎ വൈസ് പ്രസിഡന്റ് ആര്‍ സജി, ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി സി അജിത്കുമാര്‍, കായികാധ്യാപിക ഡോ. എം ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home