Deshabhimani

യുസി കോളേജ്‌ കെഎസ്‌യു കരിഓയിൽ ആക്രമണം ആസൂത്രിതം ; സംസ്ഥാന സെക്രട്ടറിയെ ചോദ്യംചെയ്യും

u c college ksu attack

ആലുവ യുസി കോളേജ്‌ പ്രിൻസിപ്പലിനുനേരെ കരി ഓയിൽ ആക്രമണം നടത്തിയ കെഎസ്‌യു സംസ്ഥാന സെക്രട്ടറി 
മിവ ജോളി, തടയാൻ ശ്രമിച്ച പൊലീസുകാരോട്‌ കയർക്കുന്നു (ചുവന്ന വൃത്തത്തിൽ) (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Mar 02, 2026, 01:30 AM | 2 min read


ആലുവ

യുസി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസിനുനേരെ കരിഓയിൽ ഒഴിച്ചത്‌ ആസൂത്രിത നീക്കത്തിനൊടുവിൽ. കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ തേവയ്ക്കല്‍ തോപ്പില്‍ മിവ ജോളി (27) പ്രിൻസിപ്പൽ പുറത്തിറങ്ങുന്നതു കാത്ത്‌ കരി ഓയിലുമായി മറഞ്ഞു നിന്നാണ്‌ ആക്രമണം നടത്തിയത്‌. മിവയെ ചോദ്യംചെയ്‌തശേഷം അറസ്‌റ്റ്‌ ചെയ്യാനാണ്‌ ആലുവ ഇ‍ൗസ്‌റ്റ്‌ പൊലീസിന്റെ നീക്കം. കരിഓയില്‍ ഒഴിച്ചത് മിവയാണെന്ന്‌ വീഡിയോദൃശ്യങ്ങളിൽ വ്യക്തമാണ്‌. സാക്ഷിമൊഴികളും ഇക്കാരും സ്ഥിരീകരിക്കുന്നതായി എഫ്‌ഐആറിലുണ്ട്‌. കേസിൽ പ്രതികളായ 10 കെഎസ്‌യു പ്രവർത്തകരിൽ മിവയുൾപ്പെടെ ഏഴുപേരും ക്യാന്പസിനു പുറത്തുള്ളവരാണ്‌. മറ്റ്‌ കെഎസ്‌യു പ്രവർത്തകരെയും ഉടൻ ചോദ്യംചെയ്യും. കലാപശ്രമം, അനധികൃത കൂടിചേരൽ എന്നീ വകുപ്പുകൾപ്രകാരമാണ്‌ കേസ്‌.


ശ്രീമൂലനഗരം അരിമ്പൂരാന്‍ മുഹമ്മദ് നിസാം (25), പുറയാര്‍ പട്ടേരില്‍ മുഹമ്മദ് അജ്മല്‍ (28), തേവയ്ക്കല്‍ വെള്ളാഞ്ഞി പുത്തന്‍പുര മുഹമ്മദ് റാഫി (21), തോട്ടുമുഖം ആശാരിപ്പടിയില്‍ അല്‍അമീന്‍ (27), ചൊവ്വര പടിയന്‍കുന്നേല്‍ മുഹമ്മദ് ഷാ (26), മലപ്പുറം പഴഞ്ഞി വെളിയന്‍കോടന്‍ കരിപ്പറ്റയില്‍ നിഹാല്‍ (23), യുസി കോളേജ് വിദ്യാര്‍ഥികളായ തോട്ടയ്ക്കാട്ടുകര പുന്നോര്‍ക്കോട് ആദില്‍ അജാസ് (22), എളവൂര്‍ അറയ്ക്കലാന്‍ റൊസാരിയോ (20), ഇടപ്പള്ളി പത്തടിപ്പാലം ചങ്ങമ്പുഴനഗര്‍ സ്വപ്ന മന്‍സിലില്‍ അജ്മല്‍ (18) എന്നിവരാണ് മറ്റു പ്രതികള്‍.


കരിഓയില്‍ കുപ്പിയുമായി പ്രിന്‍സിപ്പലിനുനേരെ പാഞ്ഞടുത്ത മിവ ജോളിയെ തടയാന്‍ ശ്രമിച്ച സിപിഒ സന്ധ്യയെയും ആക്രമിച്ചു. സംഘര്‍ഷത്തിനിടെ വീണ്‌ സന്ധ്യയ്ക്കു പരിക്കേറ്റെന്നും എഫ്ഐആറിലുണ്ട്. ഒരുലിറ്റർ കരിഓയിൽ നിറച്ച മറ്റൊരു കുപ്പി കോളേജ് മുറ്റത്തുനിന്ന്‌ പൊലീസ് കണ്ടെടുത്തിരുന്നു. വ്യാഴം വൈകിട്ടുണ്ടായ കെഎസ്‌യു അക്രമത്തിനെതിരെ കോളേജ് അധികൃതര്‍ ആലുവ റൂറല്‍ എസ്‌പിക്ക്‌ പരാതി നല്‍കുകയായിരുന്നു.


ആക്രമണം 3 കെഎസ്‌യു 
പ്രവർത്തകർക്ക്‌ 
ടിസി നൽകിയതിനാൽ

കെഎസ്‌യു പ്രവർത്തകരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് അച്ചടക്കനടപടിയുടെ ഭാഗമായി നിര്‍ബന്ധിത വിടുതൽ സർട്ടിഫിക്കറ്റ് (ടിസി) നൽകിയതിനായിരുന്നു മിവ ജോളിയുടെ നേതൃത്വത്തിലുള്ള അതിക്രമം. കോളേജ് നിര്‍ദേശത്തിന് വിരുദ്ധമായി കെഎസ്‌യു നയിക്കുന്ന കോളേജ് യൂണിയന്‍ രാത്രി വൈകി ഗസല്‍നൈറ്റ് സംഘടിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക്‌ തുടക്കം. കോളേജിലെ വിഎംഎ ഹാളിന്റെ പൂട്ട് വെട്ടുകത്തി ഉപയോഗിച്ച് തല്ലിപ്പൊളിച്ച് രാത്രി മുഴുവൻ ഹാളിൽ തങ്ങിയതിനെ തുടര്‍ന്നാണ്‌ കെഎസ്‌യു പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, അജ്മല്‍, ബാദുഷ എന്നിവർക്ക്‌ നിര്‍ബന്ധിത ടിസി നല്‍കിയത്. ഗസല്‍ നൈറ്റ് രാത്രിയിലേക്ക് നീണ്ടപ്പോള്‍ പൊലീസ് ഇടപെടലോടെ കോളേജ് അധികൃതർ അവസാനിപ്പിച്ചു. കുറ്റക്കാരെ സസ്‌പെൻഡ്‌ ചെയ്യുകയും സ്റ്റാഫ് കൗണ്‍സില്‍ ചുമതലപ്പെടുത്തിയ അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധിത ടിസി നല്‍കുകയുമായിരുന്നു.


സമാന സംഭവങ്ങള്‍ 2025ലും അരങ്ങേറിയിരുന്നു. അനുവാദമില്ലാതെ നടത്തിയ രാത്രിപരിപാടിയെ തുടര്‍ന്ന്‌ പെൺകുട്ടികളുടെ ഹോസ്റ്റല്‍ ക്യാമ്പസിലും അതിനുള്ളിലെ അധ്യാപികയുടെ വീട്ടിലും അതിക്രമിച്ചുകയറിയതിനെ തുടര്‍ന്ന് ഇതേ വിദ്യാര്‍ഥികളെ അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home