എംസി റോഡിൽ ഗതാഗതക്കുരുക്ക്, വെള്ളക്കെട്ട്

കൂത്താട്ടുകുളം മാർക്കറ്റ് റോഡിലെ അനധികൃത പാർക്കിങ്
കൂത്താട്ടുകുളം
അനധികൃത പാർക്കിങ്ങും വെള്ളക്കെട്ടും എംസി റോഡിൽ കൂത്താട്ടുകുളം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വീതികുറഞ്ഞ മാർക്കറ്റ് റോഡിലെ അനധികൃത പാർക്കിങ് ഏറ്റവും കൂടുതലായി ബാധിക്കുന്നത് കെഎസ്ആർടിസി ബസുകളിലെ ദീർഘദൂര യാത്രക്കാരെയാണ്.
എല്ലാ ബസുകളും മാർക്കറ്റ് റോഡ് വഴി സെൻട്രൽ കവലയിൽ എത്തിയാണ് വിവിധയിടങ്ങളിലേക്ക് തിരിഞ്ഞുപോകുന്നത്. എന്നാൽ, ഈ റോഡിന്റെ വശങ്ങളിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നു. സെൻട്രൽ കവലയിൽ എംസി റോഡിൽനിന്ന് മാർക്കറ്റ് റോഡിലേക്ക് വൺവേ തെറ്റിച്ച് വാഹനങ്ങൾ കയറുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നു.
രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക് കൂടുതൽ. ടിബി കവലമുതൽ ഗവ. ആശുപത്രിത്താഴംവരെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങിക്കിടക്കാറുണ്ട്. രാമപുരം കവല, ഓണംകുന്ന് കാവിനുസമീപം, സെൻട്രൽ കവല, ഗവ. ആശുപത്രിത്താഴം തുടങ്ങി ഇടറോഡുകൾ പ്രധാന റോഡിലേക്ക് സംഗമിക്കുന്ന ഭാഗങ്ങളിൽ ഗതാഗതം ദുഷ്കരമായി. ട്രാഫിക് പൊലീസോ ഗാർഡോ സേവനത്തിനുണ്ടാകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. സെൻട്രൽ കവല, പെട്രോൾ പമ്പ് ഭാഗത്തെ വെള്ളക്കെട്ടും രൂക്ഷമാണ്. വാഹനങ്ങൾ വേഗം കുറയ്‌ക്കുന്നത് വലിയതോതിൽ ഗതാഗതത്തെ ബാധിക്കുന്നു.











0 comments