വിദ്യാലയങ്ങൾ തുറക്കുന്ന ദിനത്തിലും കാലടി ഗതാഗതക്കുരുക്കിൽ

എംസി റോഡ് കാലടി മറ്റൂരിലെ ഗതാഗതക്കുരുക്ക്
കാലടി
കാലടിയിലെ സ്കൂളുകളിലെ ആയിരക്കണക്കിന് കുട്ടികൾക്ക് ഗതാഗതക്കുരുക്കിൽനിന്ന് ഇത്തവണയും മോചനമില്ല. കാലടി ശ്രീശങ്കരമുതൽ മറ്റൂർ, കാലടി, ചെങ്ങൽ, കാഞ്ഞൂർ, നീലീശ്വരം, മലയാറ്റൂർ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ ഗതാഗതദുരിതം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. രാവിലെ ഏഴിന് വീട്ടിൽനിന്ന് ഇറങ്ങിയാലും 9.30ന് സ്കൂളിൽ എത്താനാകുന്നില്ല. വൈകിട്ട് നാലിന് സ്കൂൾ വിട്ടാൽ ഏഴായാലും വീട്ടിൽ തിരിച്ചെത്താനും കഴിയില്ല.
കാലടിയിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി കൂടിവരികയാണ്. വിദ്യാർഥികൾ കൂടുന്നതോടെ ഗതാഗതക്കുരുക്കും കൂടും. കാലടിയിൽ കുട്ടികൾക്ക് ബസ് കാത്തിരിക്കാൻ ബസ് സ്റ്റാൻഡുപോലുമില്ല. മഴ തുടങ്ങിയാൽ ബസ് കാത്തുനിൽപ്പും മഴയത്താകും. യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്തിൽ ബസ് സ്റ്റാൻഡ് നിർമാണത്തിന്റെ കരാറുകാരന് പണം കൊടുക്കാത്തതുമൂലം അതും നിലച്ചു.
ബസ് നിർത്തുന്നതും ആളെ കയറ്റുന്നതും റോഡരികിൽത്തന്നെയാണ്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾ കൂട്ടുന്നതിനും കാരണമാകുന്നു. അങ്കമാലി എംഎൽഎ കഴിഞ്ഞ 10 വർഷമായിട്ടും കാലടിയിലെ ഗതാഗതക്കുരുക്കിന് ഒരുപരിഹാരവും കണ്ടില്ല. 10 വർഷംമുമ്പ് എൽഡിഎഫ് പദ്ധതിയിട്ട കാലടി ബൈപാസ് ഇന്നും കടലാസുരേഖമാത്രമാണ്.









0 comments