ഗതാഗതക്കുരുക്കിൽ വലഞ്ഞ് കാലടി

എംസി റോഡിൽ കാലടി മറ്റൂരിലെ ഗതാഗതക്കുരുക്ക്
കാലടി
അധ്യയനവർഷവും മഴക്കാലവും എത്താൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ കാലടി പട്ടണം ഗതാഗതക്കുരുക്കിൽത്തന്നെ. മുമ്പ് ഉച്ചയ്‌ക്കുശേഷമായിരുന്നു കുരുക്ക് രൂക്ഷമാകുന്നതെങ്കിൽ ഇപ്പോൾ രാവിലെമുതൽ പട്ടണവും അനുബന്ധ പ്രദേശങ്ങളും കുരുക്കിലാകും. ഞായർ രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയിലും തുടർന്നു. എംസി റോഡിൽ മറ്റൂർ എയർപോർട്ട് ജങ്‌ഷൻമുതൽ കാലടി–പെരുമ്പാവൂർ റോഡിൽ വല്ലംവരെയും ഗതാഗതക്കുരുക്ക് ദിവസവും നീളുന്നുണ്ട്.
കാലടി, മറ്റൂർ ഭാഗങ്ങളിലെ വ്യാപാരികളും ദുരിതത്തിലാണ്.
2025 ഒക്ടോബർ–നവംബർ മാസങ്ങളിലെ മഴയിൽ കാലടി പാലത്തിലെ ടാർ ഇളകി കുഴികൾ രൂപപ്പെട്ടിരുന്നു. അത് പരിഹരിക്കാൻ മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിൽ പൊതുമരാമത്ത് വകുപ്പ് ഒരുകോടി രൂപ അനുവദിച്ചെങ്കിലും തെരഞ്ഞെടുപ്പിനുമുമ്പ് ആ ജോലി നിർവഹിക്കാൻ അങ്കമാലി, പെരുമ്പാവൂർ എംഎൽഎമാർ തടസ്സംനിന്നു.
പിന്നീട് ജോലി നടന്നില്ല. പാലത്തിലെ കുഴികൾ കൂടുതൽ സങ്കീർണമാകുകയും ചെയ്തു. ഇപ്പോൾ കാലടിയിലെ ഗതാഗതക്കുരുക്ക് പെരുമ്പാവൂരിലേക്കും അങ്കമാലിയിലേക്കും വ്യാപിച്ചു.










0 comments