തൃപ്പൂണിത്തുറയ്‌ക്ക് വേണം മെട്രോ വേഗം

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്‍ ടെര്‍മിനല്‍
കെ ആർ ബൈജു
Published on Feb 08, 2026, 02:46 AM | 1 min read
തൃപ്പൂണിത്തുറ
പത്തുവർഷംമുന്പ് യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്പോൾ തൃപ്പൂണിത്തുറ നഗരത്തിനുചുറ്റം ടോൾ ഗേറ്റുകളായിരുന്നു. അതിനെ എതിർത്തില്ലെന്നുമാത്രമല്ല, അനുകൂലിക്കുകയും ചെയ്‌തു അന്ന് മന്ത്രിയായിരുന്ന കെ ബാബു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് ടോൾ പിരിവുകൾ നിർത്തലാക്കിയത്. കഴിഞ്ഞ 10 വർഷവും തൃപ്പൂണിത്തുറയുടെ വികസനക്കുതിപ്പിന് എൽഡിഎഫ് സർക്കാർ നൽകിയ പിന്തുണ ചെറുതല്ല.
പേട്ടയിൽനിന്ന് കൊച്ചി മെട്രോ തൃപ്പൂണിത്തുറ നഗരത്തിലെത്തി. റെയിൽവേ സ്റ്റേഷനുസമീപം മെട്രോ ടെർമിനൽ സ്ഥാപിച്ചു. എന്നാൽ, ഒന്നാം എൽഡിഎഫ് സർക്കാർ തുടക്കമിട്ട തൃപ്പൂണിത്തുറ–പൂത്തോട്ട നാലുവരിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞുനിൽക്കുകയാണ് എംഎൽഎ കെ ബാബു. വേമ്പനാട്ടുകായലിലെ ഡ്രഡ്‌ജിങ് പൂർത്തിയാക്കി മത്സ്യബന്ധനം സുഗമമാക്കണമെന്നും വളന്തകാട് പാലം നിർമാണം പൂർത്തിയാക്കണമെന്നുമുള്ള ആവശ്യങ്ങൾക്കും എംഎൽഎ ചെവി കൊടുത്തിട്ടില്ല.
ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കുണ്ടന്നൂർ മേൽപ്പാലം പൂർത്തീകരിച്ചു. വളന്തകാട് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി എം സ്വരാജ് എംഎൽഎ ആസ്തിവികസനഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ അനുവദിച്ച് പാലത്തിന്റെ നിർമാണം ആരംഭിച്ചു. മാലിന്യം നിറഞ്ഞ കോണത്തുപുഴയിലും അന്ധകാരത്തോട്ടിലും നവീകരണം. മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യമായിരുന്ന കുമ്പളം ലാൻഡിങ് സെന്ററും മത്സ്യലേല സെന്ററും തുടങ്ങി.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ 10 കോടി ചെലവിൽ പുതിയ മന്ദിരം. ഗവ. ആയുർവേദ കോളേജിൽ പുതിയ ഫാർമസി കെട്ടിടം, ഒപി ബ്ലോക്ക്, ആശുപത്രി റിസർച്ച് ഒപി ബ്ലോക്ക്, സ്റ്റാഫ് റിട്ടയറിങ് റൂം, പുതിയ പാചകശാല. തൃപ്പൂണിത്തുറ ഗവ. ഗേൾസ് എച്ച്‌എസിൽ അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ ബ്ലോക്ക്. ഇവിടെ ജില്ലയിലെ ആദ്യ ഗവ. മോഡൽ പ്രീ പ്രൈമറി സ്കൂൾ. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്കൂളിനും ഗവ. സംസ്‌കൃത ഹയർസെക്കൻഡറി സ്കൂളിനും പുതിയ മന്ദിരം.










0 comments